അഞ്ചാറ് കാമുകിമാരെ പോറ്റാന്‍ ഇതല്ലാതെ വെറെ വഴിയില്ല ;ഒടുവില്‍ 65കാരനായ പാവം കള്ളന്‍ കുടുങ്ങി

അറുപത്തി മൂന്നാം വയസിലും ചെറുപ്പക്കാരനെപ്പോലെ തോന്നിക്കണം കാമുകിമാരുടെ ആർഭാടചെലവുകൾക്ക് പണം കണ്ടെത്തണം. ആരെയും പിണക്കാൻ കഴിയാത്തതുകൊണ്ടും സാഹചര്യം അനുകൂലമായതുകൊണ്ടും ഈ ദില്ലിക്കാരൻ പണക്കാരനായി. പക്ഷെ കാശ് സമ്പാദിക്കാൻ കണ്ടെത്തിയ വഴി മോഷണമായിരുന്നെന്ന് മാത്രം.

ഈ പ്രായത്തിൽ ഇത്രയും ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ ഇതിലും എളുപ്പമായ മാർഗങ്ങളൊന്നും ഈ അറുപത്തി മൂന്നുകാരന്റെ മുമ്പിലുണ്ടായിരുന്നില്ല. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്നാണല്ലോ. അതി വിദഗ്ധമായി വർഷങ്ങളായി മോഷണം നടത്തിക്കൊണ്ടിരുന്ന ബന്ദുറാമെന്ന 63 കാരനും ഒടുവിൽ പോലീസ് പിടിയിലായി.

5 കാമുകിമാരാണ് 63 കാരനായ ബന്ദുറാമിനുള്ളത്. എല്ലാവരും 28നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവർ. കാമുകിമാരെ പിണക്കാതിരിക്കാൻ വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങാനും അവരുടെ ആഡംബര ചെലവുകൾക്ക് പണം കണ്ടെത്താനുമായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും നോക്കി വച്ചായിരുന്നു മോഷണം. കാമുകിമാർക്ക് നൽകാനായി ഭംഗിയുള്ള സമ്മാനങ്ങളായിരുന്നു ആദ്യം മോഷ്ടിച്ചിരുന്നത്. പിടിക്കപ്പെടാതിരുന്നപ്പോൾ വലിയ മോഷണങ്ങളിലേക്ക് കടന്നു.

സെൻട്രൽ ദില്ലിയിലെ ആനന്ദ് പർബതിലുള്ള ചേരിയിലായിരുന്നു ബന്ദുറാമിന്റെ താമസം. മംഗൾപുരി സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുൻപ് വീടുവിട്ട് പോയതാണ്. ഇയാളുടെ ആദ്യ കാമുകി പണമില്ലാത്തതിന്റെ പേരിൽ ബന്ദുറാമിനെ ഉപേക്ഷിച്ചു പോയി. ആദ്യ കാമുകിയോട് പകരം വീട്ടാൻ കൂടിയാണ് ഇയാൾ അഞ്ച് കാമുകിമാരെ തേടിപ്പിടിച്ചത്. അവരെ കൂടെത്തന്നെ നിർത്താൻ പണം വാരിയെറിഞ്ഞ് ചിലവഴിച്ചു.

മോഷണമുതലിൽ നിന്ന് കാമുകിമാർക്കായുള്ള സാധനങ്ങൾ നീക്കിവെച്ച ശേഷം മിച്ചമുള്ള പണം ശരീര സംരക്ഷണത്തിന് വേണ്ടിയാണ് ബന്ദുറാം ചിലവഴിച്ചിരുന്നത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ മാത്രമെ ഇയാൾ ധരിച്ചിരുന്നുള്ളു. ബന്ദുറാം മോഷ്ടാവാണെന്ന് അറിയില്ലായിരുന്നുവെന്നാണ് കാമുകിമാർ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. മറ്റു സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുള്ള കാര്യമോ ബന്ദുറാമിന്റെ പശ്ചാത്തലത്തേക്കുറിച്ചോ ഇവർക്ക് അറിവില്ല. ഏപ്പോഴും വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് കാണപ്പെട്ടിരുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുമായിരുന്നു. പക്ഷെ മോഷ്ടാവാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇവർ പറയുന്നു.

ഉത്തര ദില്ലിയിലെ ഒരു ഫാക്ടറിയിലായിരുന്നു ഇത്തവണ മോഷണം. സിസിടിവി ബൾബാണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു ബന്ദുറാമിന് പറ്റിയ അബദ്ധം. രണ്ട് ലാപ്ടോപ്പുകൾ, അറുപതിനായിരം രൂപ, ഒരു എൽ ഇ ഡി ടിവി തുടങ്ങിയവ ഇവിടെ നിന്നും മോഷ്ടിച്ചു. പിറ്റേന്ന് ഫാക്ടറി തുറന്ന ജീവനക്കാരാണ് മോഷണം നടന്നെന്ന് മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും സിസിടിവി പരിശോധിച്ചതോടെ ബന്ദുറാം പിടിയിലാകുകയും ചെയ്യുകയായിരുന്നു.