പ്രധാനമന്ത്രിയുടെ യോഗത്തിൽ മമത പങ്കെടുക്കാതിരുന്നത് അഹങ്കാരം കൊണ്ട്: ബംഗാൾ ഗവർണർ

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കാതിരുന്നത്തിൽ വിമർശനവുമായി ബംഗാൾ ഗവർണർ ജഗധീപ് ധൻകർ. അഹങ്കാരം കൊണ്ടാണ് മമത യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ധൻകർ പറഞ്ഞു. ബംഗാളിലെ സർക്കാർ സേവനങ്ങളെ അഹങ്കാരം കയ്യടക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയ്‌ക്കെതിരെ കേന്ദ്രം കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി യോഗത്തിൽ പങ്കെടുത്തതാണ് മമത ഒഴിഞ്ഞു മാറാൻ കാരണമെന്നു ഗവർണർ ചൂണ്ടിക്കാണിച്ചു. യോഗത്തിന് മുൻപായി മമത തന്നെ ഫോണിൽ വിളിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പങ്കെടുക്കുന്നുണ്ടെങ്കിൽ യോഗത്തിൽ താൻ പങ്കെടുക്കില്ല എന്നായിരുന്നു മമത അറിയിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ 24 മണിക്കൂറും ജനങ്ങളെ സേവിക്കേണ്ടത് മമതയുടെ കർത്തവ്യമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ നടപടികൾ തീർത്തും അപ്രതീക്ഷിതമാണ്. ബിജെപി എംഎൽഎമാർക്ക് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്നാണ് മമത അറിയിച്ചതെന്നും ധൻകർ പറഞ്ഞു.

Loading...