ധാക്ക: കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഏറ്റവും വലിയ വലിയ വേശ്യാലയം അടച്ചുപൂട്ടി ബംഗ്ലാദേശ് സർക്കാർ. രാജ്യത്ത് കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദൗലത്ദിയയിൽ സ്ഥിതി ചെയ്യുന്ന വേശ്യാലയം 15 ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഏപ്രിൽ അഞ്ച് വരെ സന്ദർശകരെ അനുവദിക്കരുതെന്ന് ദൗലത്ദിയയിലെ ലൈംഗിക തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി ആഷിഖുര്‍ റഹ്‌മാന്‍ വൃക്തമാക്കി. ഈ കാലയളവിൽ ലൈംഗികതൊഴിലാളികള്‍ക്ക് 32 മെട്രിക് ടണ്‍ അരി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയായധാക്കയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്ദൗ ലത്ദിയ വേശ്യാലയം. ഇവിടെ 1500 ഓളം ലൈംഗികത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവിടേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്നതായാണ് കണക്ക്.
ലോകരാജ്യങ്ങൾ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ വലിയ ജാഗ്രതയും സുരക്ഷാ മുൻകരുതലുകളുമാണ് സ്വീകരിക്കുന്നത്. കൊറോണ ബാധയില്‍ അതീവഗുരുതര സ്ഥിതിയാണ് ഇറ്റലിയില്‍ തുടരുന്നത്. ദിനംപ്രതി മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയില്‍ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ഇറ്റലിയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ചൈനയേക്കാള്‍ കൂടുതല്‍ മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ സൈന്യത്തെ ഇറക്കാന്‍ ഇറ്റലി തീരുമാനിച്ചിരിക്കുന്നത്.