മാസം അറുപതിനായിരം വാഗ്ദാനം ചെയ്തു;ബംഗ്ലാദേശുകാരിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത് നാല് ദിവസം

ബെംഗളൂരു: മാസം 60,000 രൂപ വാഗ്ദാനം ചെയ്ത് ബംഗ്ലാദേശ് യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിച്ചത് 4 ദിവസം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ജോലി തേടിയെത്തിയ 19 കാരിയെയാണ് നാല് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഢനത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതിയായ യുവാവിനെയും മറ്റൊരു സ്ത്രീയെയും പൊലീസ് തിരയുകയാണ്.

യെലഹങ്കയിലെ ഒരു വീട്ടിലാണ് യുവതിയെ പൂട്ടിയിട്ടിരുന്നത്. നാലുദിവസം തുടര്‍ച്ചയായി ഒരു യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്താല്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ യുവതി വീട്ടില്‍നിന്ന് പുറത്തുകടന്നതിന് പിന്നാലെ കേസിലെ പ്രതികള്‍ യെലഹങ്കയില്‍നിന്ന് രക്ഷപ്പെട്ടു. ജോലിതേടിയാണ് താന്‍ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിയതെന്നാണ് യുവതി നല്‍കിയ മൊഴി.

Loading...

പശ്ചിമബംഗാളിലെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. നഗരത്തില്‍ എത്തിയതിന് പിന്നാലെ പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് സ്ത്രീയുടെ സഹായത്തോടെ യുവാവ് പീഡനത്തിനിരയാക്കിയത്. പെണ്‍വാണിഭസംഘത്തിന്റെ ഭാഗമായാല്‍ മാസം അറുപതിനായിരം രൂപ വരെ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തതായും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.