ലോൺ അടച്ചില്ല; ബാങ്ക് കൊള്ളയടിച്ച് പണം കണ്ടെത്തിയ യുവാവ് പിടിയിൽ

ക‍ങ്ങൾ തീർക്കുന്നതിനും ബാങ്ക് ലോൺ അടക്കുന്നതിന് ബാങ്ക് തന്നെ കൊള്ളയടിച്ച യുവാവ് പിടിയിലായി. കുവൈത്തിലാണ് സംഭവം നടന്നത്. ബാങ്കിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അയാൾ ബാങ്ക് കൊള്ളയടിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ 28 വയസുകാരനെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തൈമയിലുള്ള ബാങ്ക് ശാഖയിലാണ് ഇയാൾ കത്തിയുമായെത്തി മോഷണം നടത്തിയത്. ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് പ്രതി പിടിയിലായത്. മോഷണത്തിന് ശേഷം ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ജഹ്‍റയിലെ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഹവല്ലിയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.

പിടിയിലാവുന്ന സമയത്ത് ഇയാൾ സ്വബോധത്തിലല്ലായിരുന്നുവെന്നും യുവാവിനെ തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.തന്റെ കടങ്ങൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ബാങ്കിൽ നിന്ന് കൈക്കലാക്കിയ പണവുമായി ഒരു ടാക്സിയിൽ അബ്‍ദുല്ല അൽ മുബാറക് ഏരിയയിലുള്ള തന്റെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. പണത്തിന്റെ ഭൂരിഭാഗവും ഇവിടെ സൂക്ഷിച്ചു. ലോൺ അടച്ച് തീർക്കുന്നതിനൊപ്പം പുതിയ ഫോണും വസ്‍ത്രങ്ങളും വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. പണം സഹോദരന്റെ വീട്ടിൽ ഒളിപ്പിച്ച ശേഷം ഹവല്ലിയിലെത്തി ഒരു അപ്പാർട്ട്മെന്റ് വാടകയ്‍ക്ക് എടുത്ത് അവിടെ ഒളിച്ചിരിക്കുകയായിരുന്നു.

Loading...

ബാങ്കിൽ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ച ഇയാൾ, ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി എവിടെയാണുള്ളതെന്ന് അറിയില്ലെന്നും പറഞ്ഞു. ബാങ്കിലെ സെക്യൂരിറ്റി ഗാർഡ് പ്രതിയെ തിരിച്ചറിഞ്ഞു. മയക്കുമരുന്ന് ഉപയോഗം, കാർ മോഷണം എന്നിങ്ങനെയുള്ള കേസുകൾ നേരത്തെ തന്നെ ഇയാൾക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹവല്ലിയിലും ഫർവാനിയയിലും നേരത്തെ കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ജഹ്റയിൽ ഇത് ആദ്യത്തെ കേസാണെന്നും പൊലീസ് അറിയിച്ചു.