ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

ദില്ലി: സ്വകാര്യ- പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ബാങ്കിങ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന ജനദ്രോഹ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ പണിമുടക്ക്. രാജ്യത്തെ പൊതുസ്വകാര്യ മേഖലാ ബാങ്കുകളുടെ 80,000 ബ്രാഞ്ചുകളാണ് ഇതേ തുടര്‍ന്ന് ഇന്ന് അടഞ്ഞുകിടക്കുക.ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, വന്‍ കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ചടയ്ക്കുക, എസ്ബിഐയുമായി അനുബന്ധ ബാങ്കുകളുടെ ലയനം പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.10 ലക്ഷത്തിലേറെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളും വിദേശ ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കില്ല. ബാങ്കിങ് നയങ്ങളിലെ അഭിപ്രായ ഭിന്നത ഉയര്‍ത്തിക്കൊണ്ട് ഈ മാസം ആദ്യം സംഘടിപ്പിച്ച പ്രതിഷേധം ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് രണ്ടാം ഘട്ടമെന്ന നിലയില്‍ പണിമുടക്ക് സംഘടിപ്പിച്ചത്.