മരടില്‍ ഫ്ളാറ്റ് പൊളിച്ചതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ പ്രതിസന്ധിയില്‍

കൊച്ചി : മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ പ്രതിസന്ധിയില്‍. 200 കോടി രൂപയുടെ ബാധ്യതയാണു കണക്കാക്കുന്നത്. വായ്പകള്‍ക്ക് ഈടായിവച്ച ഫ്ളാറ്റുകള്‍തന്നെ ഇല്ലാതായതോടെ തുക എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക.

വായ്പ അടച്ചുതീര്‍ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നു ബാങ്കുകള്‍ പറയുന്നു. നിയമം ലംഘിച്ചതിന്റെ പേരില്‍ പൊളിച്ച നാലു സമുച്ചയങ്ങളിലുമായി 345 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്. 40 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് മിക്ക വായ്പകളും.

Loading...

വായ്പകള്‍ക്ക് ഈടായിവച്ച ഫ്ളാറ്റുകള്‍തന്നെ ഇല്ലാതായതോടെ ഇതെങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക. എന്നാല്‍ പലരും തിരിച്ചടവ് മുടക്കിയിട്ടില്ല. എച്ച്‌ടുഒ ഹോളിഫെയ്ത്തില്‍ 1.30 ഏക്കര്‍ സ്ഥലം 90 പേര്‍ക്കായാണു വീതിക്കേണ്ടത്. ഓരോരുത്തര്‍ക്കും 1.15 സെന്റ് വീതം ഓഹരി ലഭിക്കും. എന്നാല്‍ ഒരാള്‍ക്കോ കുറച്ചുപേര്‍ക്കായോ മുറിച്ചെടുക്കാനാകാത്ത തരത്തിലാണ് ആധാരമെന്നതിനാല്‍ ജപ്തി വഴി ഭൂമി ഏറ്റെടുക്കാനുമാവില്ല.

എന്നാല്‍, ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്നു കരുതി വായ്പ എടുത്തവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വായ്പ തിരിച്ചടച്ചുതീര്‍ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നു ബാങ്കുകള്‍ പറയുന്നു. ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്കു എത്തുമ്ബോള്‍ അതു പിടിച്ചുവയ്ക്കാനാണു ബാങ്കുകളുടെ ശ്രമം. എച്ച്‌ടുഒ ഫ്ളാറ്റുകാര്‍ പ്രത്യേക അസോസിയേഷന്‍ രൂപീകരിച്ചു ഭൂമി അതിന്റെ പേരിലേക്കു മാറ്റിക്കഴിഞ്ഞു.

അതേസമയം,​ തീരദേശ പരിപാലന നിയമപ്രകാരമുള്ള പ്ളാന്‍ തയ്യാറാക്കിയാല്‍ വീണ്ടും ഇവിടെ കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കും. ഫ്ളാറ്റുടമകള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിലുമുണ്ട്. ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നല്‍കിക്കഴിഞ്ഞു. ഇതിനായി നിര്‍മ്മാതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. അതുപോലെ ഫ്ലാറ്റ് പൊളിക്കലിനെ തുടര്‍ന്ന് ആശങ്കയിലായ സമീപവാസികള്‍ക്ക് ആശ്വാസമേകാനാണ് ചെന്നൈ ഐ.ഐ.ടിയിലെ ആറംഗ സംഘം മരടിലെത്തിയത്. പക്ഷേ മരട് അവര്‍ക്ക് ഒരു പാഠമാകും. ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലുണ്ടാകുന്ന പ്രകമ്ബനം സംഘം അളക്കുന്നത്.

സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനൊപ്പം, ലഭിച്ച വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മരടിന്റെ മാതൃകയും തയ്യാറാക്കും. രാജ്യത്തും പുറത്തും സമാന ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലെ സ്‌ഫോടനങ്ങള്‍ക്ക് ഇത് ഉപയോഗിക്കും. സ്‌ഫോടനമുണ്ടാകുമ്ബോള്‍ സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടാകുമോ എന്ന് അറിയാനാണ് ചെന്നൈ ഐ.ഐ.ടിയുടെ സഹായം സര്‍ക്കാര്‍ തേടിയത്. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചാണ് വീട്ടുകാര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക ലഭിക്കുക. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഭൂമിയിലുണ്ടാകുന്ന പ്രകമ്ബനം അളന്ന് നാശത്തിന്റെ തോത് കണ്ടെത്തുകയാണ് സംഘം ആദ്യം ചെയ്തത്.

പടുകൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ ഒന്നിച്ച്‌ നിമിഷം കൊണ്ട് പൊളിക്കുന്നത് രാജ്യത്തു തന്നെ ഇതാദ്യമാണ്. 500 കോടി വില മതിക്കുന്ന കെട്ടിടങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചാരമായത്. റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെയാണ് പൊളിക്കല്‍ നടപടി തുടങ്ങിയത്. 2014ല്‍ മുംബയിലെ ഫ്ളാറ്റ് പൊളിച്ചതാണ് സമാനമായ മുന്‍ സംഭവം. ജനവാസം കുറവായ മേഖലയിലായിരുന്നതിനാല്‍ അന്ന് ആശങ്കയുണ്ടായില്ല. കഴിഞ്ഞ വര്‍ഷം മേയ് എട്ടിനാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയില്‍ അനുകൂല വിധികളുണ്ടായതും, വര്‍ഷങ്ങളായി കുടുംബങ്ങള്‍ താമസിക്കുന്നതും കാരണം പൊളിക്കല്‍ ഉത്തരവുണ്ടാകുമെന്ന് നിര്‍മ്മാതാക്കളും കരുതിയിരുന്നില്ല.