മന്ത്രി കെ.എം മാണിയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ്; ബിജു രമേശിന്റെ കാര്‍ ഔദ്യോഗിക വസതിയില്‍ എത്തിയതായി തെളിവുകള്‍

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി കെ.എം മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ 11.30 ഓടെ ‘പ്രശാന്തി’യില്‍ എത്തിയ അന്വേഷണ സംഘം ചില വിവരങ്ങള്‍ ശേഖരിച്ച് അരമണിക്കൂറിനു ശേഷം മടങ്ങി. വിജിലന്‍സ് സംഘമെത്തയപ്പോള്‍ മാണി വസതിയിലുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതോടൊപ്പം താന്‍ മാണിക്ക് മാണിയുടെ ഔദ്യോഗിക വസതില്‍ വച്ച് പണം കൈമാറി എന്ന് തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സിന് ലഭിച്ചതായി അറിയുന്നു. മാണി കോഴ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാര്‍ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നതായി ഔദ്യോഗിക വസതിയിലെ വാഹന രജിസ്റ്ററില്‍ നിന്നും കണ്ടെടുത്തു. 2014 ഏപ്രില്‍ രണ്ടിന് കെ.എല്‍ 01 ബിബി 7678 നമ്പര്‍ കാര്‍ എത്തിയതായി വാഹന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാറിലാണ് മാണിക്ക് പണം കൈമാറാന്‍ പോയതെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിരുന്നു.

Loading...

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോഴപ്പണത്തില്‍ 35 ലക്ഷം രൂപ മാണിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചുവെന്നായിരുന്നു മൊഴി.

മാണിയുടെ വീട്ടില്‍ പരിശോധന നടത്തിയതായി അറിയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:  ധനമന്ത്രിയും കേരള കോണ്‍ഗ്രസ്‌ (എം) നേതാവുമായ കെ.എം.മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ്‌ പരിശോധന നടത്തിയതായി തനിക്ക്‌ അറിയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി വിജിലന്‍സുകാര്‍ അളവ്‌ എടുത്തതായി പരാതി വന്നിട്ടില്ല. അളവെടുക്കാന്‍ ടേപ്പാണോ കയറാണോ ഉപയോഗിച്ചതെന്നും തനിക്ക്‌ അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച്‌ എങ്ങനെ പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം ഇതു സംബന്ധിച്ച പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.Oommenchandy

വിജിലന്‍സ്‌ അന്വേഷണത്തെക്കുറിച്ചു താന്‍ ഒരിക്കലും അന്വേഷിക്കാറില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ തനിക്ക്‌ ആശങ്കയില്ല. പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ്‌, മന്ത്രി കെ.എം.മാണിക്കെതിരെ ആരും മൊഴി നല്‍കിയിട്ടില്ലെന്നു താന്‍ പറഞ്ഞത്‌. കെ.എം.മാണിയെ രണ്ടു ദിവസമായി താന്‍ പല കാര്യങ്ങള്‍ക്കായി നേരിട്ടു കാണുന്നുണ്ട്‌. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ കാണുന്നത്‌ വാര്‍ത്തയാണോ. അദ്ദേഹം തന്നോടു പരാതിയൊന്നും പറഞ്ഞിട്ടില്ല. ടിവിയിലോ പത്രവാര്‍ത്തകളിലോ അത്തരം പരാതികളെക്കുറിച്ചു കേട്ടില്ല.

ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിലപാട്‌ എന്തെന്ന്‌ കേന്ദ്ര മന്ത്രിയോടു ചോദിക്കണം.സംസ്‌ഥാന സര്‍ക്കാരിന്‌ അന്നും ഇന്നും ഒരു നിലപാടേ ഉള്ളൂ. കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കിയ പദ്ധതിയാണ്‌ അത്‌. തങ്ങള്‍ അതിനെ എതിര്‍ക്കില്ല. കേന്ദ്രാനുമതി വാങ്ങേണ്ടതു വിമാനത്താവള കമ്പനിയുടെ ചുമതലയാണ്‌. അവര്‍ അതു വാങ്ങി വന്നാല്‍ മാത്രം സംസ്‌ഥാന സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു