തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ബാര്‍കോഴക്കേസിലെ ആശയക്കുഴപ്പം മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേസില്‍ ആരെയും പ്രതിചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ താനും ആഭ്യന്തരമന്ത്രിയും ഒരേ അഭിപ്രായക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
വിജിലന്‍സിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. മാണിക്ക് എതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ സര്‍ക്കാരിന് രണ്ട് അഭിപ്രായമില്ല. കേസില്‍ ആലോചനകള്‍ നടത്തേണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ധനമന്ത്രിക്ക് എതിരായ കേസ് സാധാരണ രീതിയിലല്ല അന്വേഷിക്കേണ്ടതെന്ന് വിജിലന്‍സിന് നിര്‍ദേശം നല്‍കിയത് ഹൈക്കോടതിയാണ്. ലളിതകുമാരി കേസിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കണമെന്നു നിര്‍ദേശിച്ചതും ഹൈക്കോടതിയാണ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഒരു കേസിലും താന്‍ ഇടപെട്ടിട്ടില്ല. വിജിലന്‍സിനെ വിശ്വസ്തതയുള്ള സ്ഥാപനമായി നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.
ബാര്‍ക്കോഴക്കേസില്‍ മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നല്കിയ ടേപ്പില്‍ ആവശ്യമായ വിവരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അത് ഒരു ഊമക്കത്തിന് സമമായിരുന്നു. ടേപ്പില്‍ അന്വേഷണത്തിന് പര്യപ്തമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവിനെ അറിയിച്ചത് വിജിലന്‍സ് ഡയറക്ടറാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ല.
ധനമന്ത്രി കെ.എം. മാണിയും താനുമായി നല്ല ബന്ധത്തിലാണെണ്. എന്നാല്‍ കേസ് അന്വേഷണവും വ്യക്തിപരമായ ബന്ധവും വ്യത്യസമുണ്ട്. പി.സി. ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.