ബാര്‍കോഴക്കേസ് സങ്കീര്‍ണമാക്കി ഭരണത്തില്‍ നേതൃമാറ്റം ഉണ്ടാക്കുകയായിരുന്നു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്ന് സംശയങ്ങള്‍ ഉയരുന്നു. ഈ ഗൂഢാലോചന തുടങ്ങിയത് പൊൻകുന്നം ടി.ബിയിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂർപ്രകാശ്, ചീഫ് വിപ്പ് പി.സി.ജോർജ്ജ് എന്നിവർ നടത്തിയ രഹസ്യചർച്ചയ്ക്ക് ശേഷമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സ്വന്തം മന്ത്രികൂടി ഉൾപ്പെട്ട ചർച്ചയായതിനാൽ ഈ വിവരങ്ങൾ ഇന്റലിജൻസ് ഉന്നതർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുന്നത്.
യു.ഡി.എഫ് സർക്കാരിന്റെ അവസാന ഒരുവർഷക്കാലം മുഖ്യമന്ത്രിയാവണമെന്ന രമേശിന്റെ മോഹമാണ് ബാർകോഴക്കേസ് കുരുക്കിയതെന്നാണ് അറിയുന്നത്. ഹൈക്കമാൻഡിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രമേശ് കയറിയിറങ്ങിയെങ്കിലും ഉമ്മൻചാണ്ടിയെ കൈവിടാൻ കോൺഗ്രസ് നേതൃത്വം ഒരുക്കമായിരുന്നില്ല. ഇതേത്തുടർന്നാണ് സ്വന്തം നിലയിൽ ഭരണനേതൃത്വം പിടിക്കാനുള്ള ശ്രമം രമേശും ഐ ഗ്രൂപ്പും തുടങ്ങിയത്. ഇതിനായി ആദ്യം ചെയ്തത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും കെ.ബാബുവിന്റെ ശത്രുവും എ ഗ്രൂപ്പ് നേതാവുമായ ബെന്നി ബഹനാനേയും പി സി ജോർജ്ജിനേയും കൂട്ടുപിടിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ബെന്നി ബാബുവിന്റെ ശത്രുവായത്. പുനർവിഭജനം നടത്തിയപ്പോൾ പഴയ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ 90 ശതമാനം പ്രദേശവും തൃക്കാക്കരയിലായി. അച്യുതാനന്ദൻ വിഭാഗത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞുവന്ന മുൻമേയർ സി.എം.ദിനേശ്‌മണിയുടെ വിജയം ഉറപ്പാക്കും വിധത്തിൽ ചുവപ്പിച്ചാണ് മണ്ഡലം വെട്ടിമുറിച്ചത്. അതേസമയം ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമായ തൃക്കാക്കരയിൽ ആരെ നിറുത്തിയാലും വിജയിപ്പിക്കുമെന്ന സ്ഥിതിയുമായി. അപ്പോഴാണ് രമേശ് ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തി ബെന്നിബഹനാനെ അവിടെ മത്സരിപ്പിച്ചത്. ഇതറിഞ്ഞ് കൂടെനിന്ന് ചതിച്ചെന്ന് പറഞ്ഞ് ബാബു പൊട്ടിത്തെറിക്കുകയും നെഞ്ചിൽ കൈവച്ച് കരയുകയും ചെയ്തുവത്രേ. 1977ൽ പിറവത്ത് സി.എഫ് പൗലോസിനെതിരേ വിജയിച്ചതിനു ശേഷം കരുണാകരനുമായി തെറ്റിയ ബഹനാൻ പിന്നെ നിയമസഭയുടെ പടി കണ്ടിട്ടില്ല. രമേശിന് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുദിച്ചപ്പോൾ ആദ്യം പിടിച്ചതും ബഹനാനെത്തന്നെ.
ധനമന്ത്രി കെ.എം.മാണിക്കെതിരായ വി.എസ്.അച്യുതാനന്ദന്റെ പരാതിയിൽ മൂന്നാംദിവസമാണ് രമേശ് ക്വിക്ക് വേരിഫിക്കേഷന് ഉത്തരവുനൽകിയത്. ഉമ്മൻചാണ്ടിയാണ് ഇതിനുപിന്നിലെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നെങ്കിലും മാണി പിന്നീട് സത്യമറിഞ്ഞു. മന്ത്രിസഭായോഗത്തിൽ രമേശിനെതിരെ മാണി പൊട്ടിത്തെറിക്കുകയും ചെയ്തു. അങ്ങനെയിരിക്കേയാണ് മാണിക്കൊപ്പമുള്ള ജോർജ്ജിനെ അടർത്തിയെടുത്ത് രംഗം കൊഴുപ്പിക്കാൻ രമേശ് തീരുമാനിച്ചത്. പൊൻകുന്നത്തെ കൂടിക്കാഴ്‌ച ഇതിന്റെ ഭാഗമായിരുന്നു. രമേശ് മുഖ്യമന്ത്രിയായാൽ പി സി ജോർജ്ജിന് റവന്യൂവും അടൂർപ്രകാശിന് എക്‌സൈസും ബെന്നിബഹനാന് ആഭ്യന്തരവും വാഗ്‌ദാനം ചെയ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന ബിജുരമേശിനെ മെരുക്കാൻ നിയോഗിക്കപ്പെട്ട മുൻമന്ത്രി വക്കംപുരുഷോത്തമനും സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടു. മാണിഗ്രൂപ്പിൽ നിന്ന് അഞ്ച് എം.എൽ.എമാരെ പിടിക്കണമെന്നായിരുന്നു ജോർജ്ജിന് നൽകിയ ദൗത്യം. നിർജീവമായിക്കിടന്ന കേരളാകോൺഗ്രസ് സെക്കുലർ പുനരുജ്ജീവിപ്പിച്ച് മാണിക്കെതിരേ പരസ്യയുദ്ധം തുടങ്ങാനും ജോർജ്ജിന് അനുമതി കിട്ടിയത് ഈ യോഗത്തിലാണ്. പൊൻകുന്നം യോഗത്തിന്റെ പിറ്റേന്നുമുതൽ ജോർജ്ജ് മാണിക്കെതിരെ ആഞ്ഞടിച്ചുതുടങ്ങി.
പൊൻകുന്നം യോഗം കഴിഞ്ഞതിനു ശേഷം രാത്രിയോടെ രണ്ട് മന്ത്രിമാരും പി.സി.ജോർജ്ജും ഒരു സമുദായസംഘടനാ നേതാവിനെ സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിച്ചു. കെ.ബാബുവിനെ കോഴക്കേസിൽ കുടുക്കാൻ ബിജുവിന്റെ പക്കലുള്ള സി.ഡി ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യിപ്പിച്ചെങ്കിലും മറ്റുള്ളവർ ഏറ്റെടുക്കാത്തതിനാൽ ഏശിയില്ല. ബാബുവിന്റെ ഓരോനീക്കങ്ങളും അറിയാൻ രണ്ടു ചാരന്മാരേയും സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഈ സംഘം നിയോഗിച്ചു. അനിയൻബാവ, ചേട്ടൻബാവ എന്നപേരിലറിയപ്പെടുന്ന രണ്ടുപേർ വിവരങ്ങളെല്ലാം തത്സമയം രമേശിന്റെ ബന്ധുവായ കോർപറേഷൻ എം.ഡിയെ അറിയിച്ചുകൊണ്ടിരുന്നു. അപകടം മണത്തുതുടങ്ങിയ കെ.ബാബു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ നേതാക്കളെയെല്ലാം തന്റെ പിന്നിൽ അണിനിരത്തി.
പൊൻകുന്നം യോഗത്തിന്റെ വിവരങ്ങൾ രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് കേരളം ഞെട്ടിത്തരിച്ചിരുന്നു കണ്ട കളികളുടെ തുടക്കം. ഇടഞ്ഞുനിന്ന കെ എം മാണിയെ മുഖ്യൻ അങ്ങോട്ടുവിളിച്ച് പി സി ജോർജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള കത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഘടകക്ഷി നേതാക്കളെ ഇടപെടുത്തി മുഖ്യമന്ത്രി നടത്തിയ നാടകത്തിനൊടുവിൽ മാണിയും ജോർജ്ജുമായി ചാനലുകളിൽ ഏറ്റുമുട്ടി. കേരളാകോൺഗ്രസ് എം.എൽ.എമാർ മാണിക്കു പിന്നിൽ ഒത്തുചേർന്നതോടെ ജോർജ്ജിനും അടിതെറ്റി. മുഖ്യന്റെ പദ്ധതിപ്രകാരം കാര്യങ്ങൾ നടന്നാൽ തിങ്കളാഴ്‌ച പി സി ജോർജ്ജിന് ചീഫ് വിപ്പ് സ്ഥാനം നഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. ഔദ്യോഗിക പദവിയും സ്റ്റാഫംഗങ്ങളേയും നഷ്‌ടപ്പെട്ടാൽ പി സി ജോർജ്ജിന്റെ പ്രസക്തി നഷ്‌ടമാകുമെന്നായതോടെയാണ് എൻ.എസ്.എസിനെ കളത്തിലിറക്കി രമേശ് സമവായശ്രമം തുടങ്ങിയത്. രമേശിന്റെ വാക്കുകേട്ട് യുദ്ധത്തിനിറങ്ങിയ ജോർജ്ജിന് ഒടുവിൽ ചീഫ് വിപ്പ് സ്ഥാനം നഷ്‌ടമാകുമെന്ന സ്ഥിതിയാണ്.
ബാർകോഴക്കേസിൽ ബാബുവിനെതിരേ പരസ്യമായി ആരോപണമുന്നയിക്കാതെ മജിസ്ട്രേറ്റിനു മുന്നിൽ 164 വകുപ്പുപ്രകാരം രഹസ്യമൊഴി നൽകാനുള്ള പദ്ധതിയും ആഭ്യന്തരവകുപ്പിന്റേതാണെന്നാണ് വിവരം. ബിജു നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയത് ഇത് ശരിവയ്ക്കുന്നു. ഉമ്മൻചാണ്ടിയുടെ വലംകൈയ്യായ ബാബുവിനെതിരേ അന്വേഷണം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം എന്നാൽ ബാർ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനെ കൈപ്പിടിയിലാക്കി ഉമ്മൻചാണ്ടിയും കെ ബാബുവും പ്രത്യാക്രമണത്തിനൊരുങ്ങുകയാണ്. ബിജുവിന്റെ രഹസ്യമൊഴിയിലുള്ള കാര്യങ്ങളെല്ലാം ബാറുടമകളുടെ സംഘടനാ നേതാക്കൾ നിഷേധിച്ചാൽ പതിനൊന്ന് ബാറുകൾ നഷ്‌ടപ്പെട്ട ബിജുരമേശിന്റെ വിലാപമായി മാത്രം കെ ബാബുവിനെതിരായ ആരോപണം മാറുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ.
കടപ്പാട്: പി.കെ ശ്യാം
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)