കെ.ബാബു ഉള്‍പ്പെടെ മൂന്നു മന്ത്രിമാര്‍ക്ക് പങ്ക്; പുതിയ വെളിപ്പെടത്തലുകളുമായി ബിജു രമേശ്‌

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പുതിയ വെളിപ്പെടത്തലുകളുമായി ബിജു രമേശ്. എക്‌സൈസ് മന്ത്രി കെ. ബാബു അടക്കം മൂന്ന് മന്ത്രിമാര്‍ക്കെതിരെ കൂടി ബാര്‍ ഉടമ ബിജു രമേശ് രഹസ്യമൊഴി നല്‍കി. മന്ത്രി മാണിക്കെതിരെയും മജിസ്‌ട്രേറ്റിനു മുമ്പാകെ ബിജു രമേശ് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.

30 പേജുള്ള രഹസ്യമൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. ചില വീഡിയോ ദൃശ്യങ്ങളും 10 മണിക്കൂറിലെറെ ദൈര്‍ഘ്യമുള്ള ശബ്ദരേഖകളും അവ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ അടക്കം മജിസ്‌ട്രേറ്റിന് കൈമാറിയതായും മൊഴി നല്‍കിയ ശേഷം ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ ശബ്ദരേഖയും ഇതിലുണ്ടെന്നാണ് സൂചന.

Loading...

എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പേര് മൊഴി നല്‍കിയ ശേഷം ബിജു രമേശ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തുകയായിരുന്നു. ബാബു അടക്കം മൂന്നു മന്ത്രിമാര്‍ക്കെതിരെയുള്ള തെളിവുകള്‍ നല്‍കിയതായും തന്റെ ജീവന് ഭീഷണിയുണ്ടെന്നും വീട്ടിലെത്തി പ്രീണിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ടതും തനിക്ക് കൗണ്ടര്‍ ചെയ്യാന്‍ പറ്റുന്നതുമായ തെളിവുകളാണ് കൈമാറിയത്. തെളിവുകള്‍ സൂക്ഷിക്കുമെന്ന് അന്വേഷണഉദ്യോഗസ്ഥന് ഉറപ്പു തരാനായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം അന്വേഷണം ഉദ്യോഗസ്ഥന്‍ നല്‍കാത്തതിനാലാണ് രേഖകള്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനുമുമ്പാകെ നല്‍കിയത്.

മുമ്പ് വിജിലന്‍സിന് നല്‍കിയ വിവരങ്ങള്‍ എല്ലാം തന്നെ ഉന്നതങ്ങളിലേക്ക് കൈമാറിയതായി അറിഞ്ഞു. അതുകൊണ്ട് തന്നെ ഇതുവരെ വെളിപ്പെടുത്താത്തവ മജിസ്‌ട്രേറ്റിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

വിചാരണവേളയില്‍ സാക്ഷി കൂറുമാറാതിരിക്കാനാണ് അന്വേഷണസംഘം സാക്ഷികളുടെ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്തുന്നത്. 350ഓളം സാക്ഷികളാണ് ബാര്‍ കോഴ കേസിലുള്ളത്. ഇതില്‍ ബിജുവിന്റെ മൊഴി മാത്രമാണ് കോടതിവഴി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഒരു സാക്ഷിയുടെ മൊഴി കൂടി കോടതിവഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് ആലോചിക്കുന്നുണ്ട്. മന്ത്രി കെ.എം. മാണിയുടെ വീട്ടില്‍ പണം നല്‍കാന്‍ പോയ ബാര്‍ ഉടമകളില്‍പ്പെട്ട ഒരാളിന്റെ മൊഴി കൂടിയാണ് രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെയും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. അടുത്ത ആഴ്ചയ്ക്കുള്ളില്‍ ഇരുവരുടെയും മൊഴിയെടുത്തേക്കും. പ്രായം കണക്കിലെടുത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലെത്തിയാകും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുക. ഇരുവരുടെയും സൗകര്യം കണക്കിലെടുത്താകും മൊഴിയെടുക്കുക.