ബറാക്ക ആണവോർജ പ്ലാന്റിന് 60 വർഷത്തേക്ക് അനുമതി

രാജ്യത്തിന്റെ ഭാവി ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അബുദാബിയിൽ ബറാക്ക ആണവോർജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചു. 60 വർഷത്തേക്കുള്ള അനുമതിയാണ് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ നൽകിയത്. യൂണിറ്റ് ഒന്നിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. യൂണിറ്റ് രണ്ട് യു.എ.ഇ.യുടെ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ.

അബുദാബി അൽ ദഫ്ര മേഖലയിൽ സ്ഥിതിചെയ്യുന്ന ആണവോർജ പ്ലാന്റ് യു.എ.ഇ.യുടെ ഊർജമേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്. യൂണിറ്റ് മൂന്നിന്റെ നിർമാണം കഴിഞ്ഞവർഷം നവംബറിലാണ് പൂർത്തിയാക്കിയത്. രാജ്യത്തിന് ഇതൊരു ചരിത്രനിമിഷമാണെന്നും അൽ കാബി അഭിപ്രായപ്പെട്ടു. ഇവിടെനിന്ന് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി അടുത്തവർഷത്തോടെ വിതരണംചെയ്യാനാകും. ബറാക്ക ആണവോർജ പ്ലാന്റിന്റെ രണ്ട് യൂണിറ്റുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

Loading...

മൂന്നാമത്തെ യൂണിറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിശോധനകളും എഫ്.എ.എൻ.ആർ. ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ടെന്ന് എഫ്.എ.എൻ.ആർ. ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്റ്റർസൺ വ്യക്തമാക്കി. യൂണിറ്റിന്റെ മേൽനോട്ടത്തിന് നവാഹ് എനർജി കമ്പനിയെ അധികാരപ്പെടുത്തുമെന്ന് എഫ്.എ.എൻ.ആർ. ഡെപ്യൂട്ടി ചെയർമാൻ ഹമദ് അൽ കാബി പറഞ്ഞു. ആണവോർജ വ്യവസായത്തിന്റെ വികസനം രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് മുതൽക്കൂട്ടാകും.