തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പല വിദഗ്ധരില്‍നിന്നും ഉണ്ടായി. പലരാജ്യങ്ങളുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിദഗ്ധര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. അതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണ്. അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലമുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മത്സ്യലേലം ഇതുവരെ തുടര്‍ന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യലേലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് നിറം നല്‍കാന്‍ ശ്രമിക്കുന്നതായുള്ള ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപകടകരമായ അത്തരംനീക്കങ്ങള്‍ മുളയിലേ നുള്ളിക്കള്ളയുന്ന രീതിയില്‍ ഇടപെടാനാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്. എല്ലാവരും ആ പൊതുനിലപാട് സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്ന അഭ്യര്‍ഥനയാണ് മുന്നോട്ടുവെയ്ക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ലോക്ക്ഡൗണില്‍ കേരളം കാര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയെന്ന വാദമുണ്ടായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും പൊതുഗതാഗതം തത്കാലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യവസായ മാനേജ്‌മെന്റുകള്‍ക്ക് ആവശ്യത്തിന് ജീവനക്കാരെ എത്തിക്കാന്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് അനുവദിക്കാം എന്ന് പറഞ്ഞിരുന്നു. അത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടുത്ത് താമസിക്കുന്നവര്‍ക്ക് സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അത് അടുത്ത ജില്ലയില്‍ നിന്നാണെങ്കിലും അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.