ടോക്യോ: രണ്ടാം ലോക യുദ്ധ കാലത്ത് ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിൽ ക്ഷമാപണം നടത്തില്ലെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. യുദ്ധം നടക്കുന്ന സമയത്ത് നേതാക്കൾ ഇത്തരത്തിലുള്ള പല തീരുമാനങ്ങളുമെടുക്കാറുണ്ട്. അതിൽ മാപ്പു പറയേണ്ട സാഹചര്യങ്ങളില്ലെന്നും ഒബാമ പറഞ്ഞു.

ചോദ്യങ്ങൾ ചോദിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത് ചരിത്രകാരന്മാരുടെ കടമയാണ്. എന്നാൽ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടത് നേതാക്കളുടെ കടമയാണ്. പ്രത്യേകിച്ചും യുദ്ധത്തിന്‍റെ സമയത്ത്. ഏഴര വർഷക്കാലം യു.എസ് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന ആളെന്ന നിലയിൽ തനിക്ക് ഇക്കാര്യങ്ങൾ മനസിലാകുമെന്നും ഒബാമ പറഞ്ഞു.

Loading...

ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണുബോംബ് ആക്രമണത്തിൽ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മാപ്പു പറയണമെന്ന് രണ്ടാം ലോക യുദ്ധത്തിന്‍റെ ഇരകൾ ആവശ്യം ഉന്നയിച്ചിരുന്നു.

1945ൽ ഓഗസ്റ്റ് ആറിനാണ് 1,40,000 പേരുടെ മരണത്തിനിടയാക്കിയ അണുബോംബ് സ്ഫോടനം ഹിരോഷിമയിൽ നടന്നത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിലും രണ്ടാമത്തെ അണുബോംബ് ആക്രണണം അമേരിക്ക നടത്തി. ഇവിടെ 74,000 പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം 27 നാണ് ഒബാമ ഹിരോഷിമ സന്ദര്‍ശിക്കുന്നത്. ആക്രമണത്തിനുശേഷം വർഷങ്ങൾ ഇതിനുശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്‍റാണ് ബറാക് ഒബാമ. ഈ മാസം 21 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിന്‍റെ ഭഗമായാണ് ഒബാമ ഹിരോഷിമയില്‍ എത്തുന്നത്.

Source: http://www.theguardian.com/us-news/2016/may/22/obama-japan-hiroshima-interview-no-apology