കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ കൊവിഡ്​ 19

ബം​ഗളൂരൂ: കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ കൊവിഡ്​ 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിൽ നിരീക്ഷണത്തിലാണെന്നും രോ​ഗല​ക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബസവരാജ് ട്വീറ്റ് ചെയ്തു. നേരത്തെ സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ തുടങ്ങിയവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച ഇവർ ആശുപത്രി വിടുകയും ചെയ്തിരുന്നു.

“ഞങ്ങളുടെ വീട്ടിൽ ജോലിചെയ്യുന്നയാൾക്ക് ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഞാൻ ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. രോ​ഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അടുത്തിടെ ഞാനുമായി നേരിട്ട് ബന്ധപ്പെട്ടവർ ഉടനടി പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു. ഉചിതമായ മുൻകരുതലുകളും എടുക്കുക“, ബസവരാജ് ട്വിറ്ററിൽ കുറിച്ചു.

Loading...

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 50, 20, 359 പേർക്കാണ് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90, 123 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 1290 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 82066 ആയി. 995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3942360 പേർ ഇതുവരെ രോ​ഗമുക്തരായെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവിൽ രാജ്യത്തെ രോ​ഗമുക്തി നിരക്ക്.

അതേസമയം, കൊവിഡ് മുക്തരായവർക്ക് വീണ്ടും രോ​ഗബാധ കണ്ടെത്തി. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്. അപൂർവമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തൽ. രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയിൽ നടത്തിയ പഠനത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയിൽ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.