ശ്രീറാമിന്റെ കാറിടിച്ച് ബഷീര്‍ മരിച്ചിട്ട് ഒരാണ്ട്, ബഷീറിന്റെ ഫോണ്‍ എവിടെയെന്ന് ഇന്നും അവ്യക്തം

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മരിച്ച സംഭവം. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം ആവുകയാണ്. ഒരാണ്ട് പിന്നിടുമ്പോഴും വിചാരണ നടപടികള്‍ക്ക് ഇപ്പോഴും തുടക്കമായിട്ടില്ല. വിചാരണ വൈകിപ്പിക്കാനാണ് ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒടുവില്‍ കോടതി ഇവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് സെപ്റ്റംബര്‍ 16 ന് കോടതിയില്‍ ഹാജരാകാന്‍. എന്നാല്‍ ഇപ്പോഴും ബഷീറിന്റെ ഫോണ്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് ദുരൂഹമായി തുടരുകയാണ്.കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയില്‍ സുഹൃത്തായ വഫ ഫിറോസിനൊപ്പം സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറാണ് തലസ്ഥാന നഗരത്തില്‍ ബഷീറിനെ ഇടിച്ച് തെറിപ്പിച്ചത്.പൊലീസിന്റെ അട്ടിമറിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി.

Loading...

മനഃപൂര്‍‍വമല്ലാത്ത നരഹത്യയും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമെല്ലാം കുറ്റങ്ങള്‍. പക്ഷേ വിചാരണ നടപടികള്‍ തുടങ്ങാനായി രണ്ട് തവണ വിളിച്ചിട്ടും ശ്രീറാമും വഫയും കോടതിയിലെത്തിയില്ല. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ജയില്‍വാസത്തില്‍നിന്നു രക്ഷപെട്ട ശ്രീറാം സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് കുടുംബത്തിന് ആശ്വാസമാണ്. എങ്കിലും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക അവസാനിക്കാത്ത മനസുമായാണ് കുടുംബം ഇന്നും കഴിയുന്നത്.