ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ റിമാൻ്റ് ചെയ്തു

ബ്യൂട്ടി പാര്ലര് വെടിവെപ്പ് കേസിൽ രവി പൂജാരിയെ റിമാൻഡ് ചെയ്തു.ജൂണ് 22 വരെയാണ് എറണാകുളം എസിജെഎം കോടതി രവി പൂജാരിയെ റിമാൻ്റ് ചെയ്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രവി പൂജാരിയെ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരാക്കിയിരുന്നു.തുടര്‍ന്നാണ് പൂജാരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.അതേ സമയം ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൂടുതല്‍പേര്‍ പിടിയിലാകാനുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.രവി പൂജാരി ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ മാസം 31 ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട രവി പൂജാരിയെ ഇക്കഴിഞ്ഞ 2നാണ് ബംഗലുരു പരപ്പന അഗ്രഹാര ജയിലിൽ നിന്നും കൊച്ചിയിലെത്തിച്ചത്.

തുടർന്ന് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക വിഭാഗമായ ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ രവി പൂജാരി വെളിപ്പെടുത്തിയിരുന്നു. ബ്യൂട്ടി പാർലർ വെടിവെപ്പിന് തന്ത്രങ്ങൾ ഒരുക്കിയതും ചുക്കാൻ പിടിച്ചതും കാസർകോഡ് സ്വദേശിയാണെന്ന് പൂജാരി പറഞ്ഞിരുന്നു. ബ്യൂട്ടി പാർലർ ഉടമ ലീനാ മരിയാ പോളിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതൊക്കെ ഇയാളുടെ നിർദ്ദേശപ്രകാരമാണെന്നും രവി പൂജാരി വെളിപ്പെടുത്തിയിരുന്നു. ലീനാ മരിയാ പണം നൽകാൻ വിസമ്മതിച്ചതോടെ കാസർകോഡ് സ്വദേശി പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിൻ്റെ സഹായത്തോടെ വെടിവെപ്പ് ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പൂജാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം. അതേ സമയം കാസർകോട്ടെ വ്യവസായിയുടെ മരണത്തിൽ പങ്കുള്ളതായും രവി പൂജാരി സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാസർകോട്ടെ കൊലക്കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Loading...