ബീഫ് നിരോധം മഹാരാഷ്ട്ര സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

മുംബൈ: ബീഫോ ബീഫ് ഉല്‍പ്പന്നങ്ങളോ കൈവശം വച്ചെന്നതിന്റെപേരില്‍ മൂന്നുമാസത്തേക്ക് ആരുടെപേരിലും ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഒരു മുന്നൊരുക്കവുമില്ലാതെ തിടുക്കപ്പെട്ട് ബീഫ് നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ബീഫ് നിരോധനം മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്മെന്റ്) ആക്ടിലെ 5(ഡി) വകുപ്പിന്റെ ലംഘനമാണെന്നുകാണിച്ച് ഒരു കൂട്ടം പേര്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്.നിയമത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. അതില്‍ കവിഞ്ഞ് ഒരുനടപടിയും പാടില്ല. ബീഫോ ഉല്‍പ്പന്നങ്ങളോ കൈവശംവച്ചെന്നതിന്റെ പേരില്‍ പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ സര്‍ക്കാരിന് ഒരവകാശവുമില്ല. ഒരു രാത്രികൊണ്ട് ബീഫ് നിരോധിക്കാന്‍ തക്കവണ്ണം സര്‍ക്കാരിന് ഏതെങ്കിലും വിധത്തില്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ഒരു രേഖയും കോടതിയുടെ മുന്നിലില്ല. പെട്ടെന്നുള്ള നിരോധനംമൂലം അതുവരെ നിയമപരമായി ഇറക്കുമതിചെയ്യുകയും സൂക്ഷിക്കുകയും ചെയ്ത ബീഫ് നിയമവിരുദ്ധമായി. നിരോധനം ഏര്‍പ്പെടുത്തുംമുമ്പ് സര്‍ക്കാര്‍ സമയംകൊടുത്തില്ലെന്നും കോടതി പറഞ്ഞു. മറികടക്കാനാകാത്ത ഒരു പൊതുതാല്‍പ്പര്യവും സര്‍ക്കാരിനുമുന്നില്‍ ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ അസ്ബി ചിനോയ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ബീഫ് കഴിക്കുന്നത് മൗലികാവകാശമല്ലെന്നും അതിനാല്‍ നിരോധനം തെറ്റല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

Loading...