തിരുവനന്തപുരം: സംസ്ഥാനത്തെ കേരള പൊലീസ് ക്യാമ്പില്‍ ഇനി മുതല്‍ ബീഫില്ല. ചിക്കനും മീനും മുട്ടയും സാമ്പാറും അവിയലും കഞ്ഞിയും തുടങ്ങിവ വരെ ഭക്ഷണക്രമത്തില്‍ ഉണ്ടെങ്കിലും ഒരു നേരം പോലും ബീഫ് ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ ഭക്ഷണ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയത്. എല്ലാ ക്യാമ്പുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയിലാണ് ഭക്ഷണക്രമം തയ്യാറാക്കിയത്.
അതേസമയം, മെനുവില്‍ ഇല്ലെങ്കിലും ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ആശുപത്രിയിലെ പോഷകാഹാര വിദഗ്ധനാണ് മെനു തയ്യാറാക്കിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബീഫ് എന്തുകൊണ്ട് മെനുവില്‍ ഉള്‍പ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്തില്ലെന്ന കാര്യത്തിന് വ്യക്തമായ മറുപടി പോലീസ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ ഭക്ഷണ മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. തൊട്ടുപിന്നാലെ എത്തിയ ബാച്ചിലെ പോലീസുകാരുടെ മെനുവില്‍നിന്ന് ബീഫ് പുറത്തായതോടെയാണ് വിവാദമുയര്‍ന്നത്.
എന്നാല്‍ ഏതെങ്കിലും ക്യാംപുകളില്‍ ബീഫ് കഴിക്കണമെങ്കില്‍ അവിടത്തെ ഭക്ഷണകമ്മിറ്റിക്കു തീരുമാനിക്കാമെന്നും ഇവർ പറഞ്ഞു. നേരത്തെ രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂര്‍ പൊലീസ് അക്കാദമിയിലെ കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഏര്‍പ്പെടുത്തിയ നിരോധനം വിവാദമായതോടെ തിരുത്തി. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ വീണ്ടും തിരുത്തിയത്.