മാസം നാലരലക്ഷം രൂപ വരുമാനമുണ്ടാക്കാം, ഓണ്‍ലൈന്‍ പരസ്യത്തില്‍ തന്റെ മുഖം കണ്ട് അമ്പരന്ന് നടി ബീനാ ആന്റണി

കഴിഞ്ഞ 25 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് നടി ബീനാ ആന്റണി.ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലുമായി നമ്മളില്‍ ഭൂരിഭാഗവും കണ്ടു പരിചയിച്ചിട്ടുള്ള മുഖമാണ് താരത്തിന്റേത്. മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട യോദ്ധ മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ബീന ആന്റണി. ടിവി സീരിയലുകളില്‍ ഇന്നും സജ്ജീവവുമാണ്. ഇത്തരത്തില്‍ അറിയപ്പെടുന്ന ബീന ആന്റണിയുടെ ചിത്രമുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്‌സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്‌സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

എന്നാല്‍ താനുമായി പ്രസ്തുത ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് ബീനാ ആന്റണി ഇപ്പോള്‍. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി. ഇത്തരത്തിലുള്ള പരസ്യത്തില്‍ ഉപയോഗിക്കുന്ന തന്ത്രത്തെ ഡാര്‍ക്ക് പാറ്റേണ്‍ എന്നാണ് വിളിക്കുന്നത്.

ഓണ്‍ലൈനില്‍ കൂടുതല്‍ വില്‍പന സൃഷ്ടിക്കുന്നതിനും, സബ്‌സ്‌ക്രിപ്ഷനുകള്‍ നേടുന്നതിനും വേണ്ടി ഡിസൈനര്‍മാരും, ബിസിനസ് സ്ഥാപനങ്ങളും ചേര്‍ന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന യൂസര്‍ ഇന്റര്‍ഫേസുകള്‍ സൃഷ്ടിക്കും. ഈ യൂസര്‍ ഇന്റര്‍ഫേസുകളാണ് ഡാര്‍ക്ക് പാറ്റേണ്‍സ്. അനാവശ്യമായവ പര്‍ച്ചേസ് ചെയ്യാന്‍ ഓണ്‍ലൈനിലെത്തുന്ന ഒരാളെ പ്രേരിപ്പിക്കുന്നതാണ് ഡാര്‍ക്ക് പാറ്റേണ്‍സ്. ഈ തന്ത്രം പൊതുവേ പ്രയോഗിക്കുന്നത് ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലാണ്. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകളിലും ഉപയോഗിച്ചു വരുന്നു. ഷോപ്പിംഗ് സ്റ്റോറുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമ്മളുടെ ഷോപ്പിംഗ് കാര്‍ട്ടില്‍ നമ്മള്‍ ആവശ്യപ്പെടാതെ തന്നെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ഇനങ്ങള്‍ ഡാര്‍ക്ക് പാറ്റേണ്‍ തന്ത്രത്തിനുള്ള ഉദാഹരണങ്ങളാണ്.