വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന ആണും പെണ്ണും പരസ്പരം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പങ്കാളിയാകാൻ പോകുന്ന ആളുടെ സ്വഭാവം, സംസാരരീതി, ഇഷ്ടങ്ങൾ, താൽപര്യങ്ങൾ എന്നിങ്ങനെയുള്ളവയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരിക്കണം. വിവാഹം ഉറപ്പിക്കുന്നതു മുതൽ ഇന്ന് പെൺകുട്ടിക്കും ആൺകുട്ടിക്കും പരസ്പരം കാണാനും സംസാരിക്കാനും അവസരമുണ്ട്. മൊബൈൽ ഫോൺ വഴിയും ഇമെയിൽ വഴിയും ഇത്തരത്തിലുള്ള ആശയവിനിമയം നടക്കും. വിവാഹത്തിനു മുമ്പുള്ള കൂടിക്കാഴ്ചകളും സംസാരവും പങ്കാളികളെ കൂടുതൽ അടുപ്പിക്കുന്നു.

വിവാഹ ജീവിതത്തിലേക്കു കടക്കാനൊരുങ്ങുന്നവർക്കായി നടത്തുന്ന പ്രീമാര്യേജ് ക്‌ളാസുകൾ ഇന്നു സർവ്വ സാധാരണം. വിവാഹത്തെയും തുടർജീവിതത്തെയും കുറിച്ച് യുവതീയുവാക്കൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുകയും മികവുറ്റ കുടുംബജീവിതത്തിന് അവരെ പ്രാപ്തരാക്കുകയുമാണ് ഇത്തരം ക്യാപുകളുടെ ലക്ഷ്യം. ഇതിനൊപ്പം സംശയദുരീകരണത്തിനുള്ള അവസരവും ഉണ്ടാകും. മത സാമുദായിക നേതൃത്വത്തിനൊപ്പം സന്നദ്ധസംഘടനകൾക്കൂടി ഈ രംഗത്ത് പ്രവർത്തിക്കുന്നു.

Loading...

ദാമ്പത്യജീവിതം ആരംഭിക്കുന്നതിനു മുമ്പുതന്നെ അവർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനും സാധിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ബലപ്പെടുത്താൻ ഉപകരിക്കും. വിവാഹ ജീവിതത്തിലേക്കു കടക്കാനൊരുങ്ങുന്നവരുടെ മനസ്സിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകും. യോജിച്ച പങ്കാളിയെ എങ്ങനെ കണ്ടെത്താം? ആദ്യരാത്രിയിൽ എങ്ങനെ പെരുമാറണം? ആദ്യരാത്രിയിൽ പറയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?ഇങ്ങനെ ഒട്ടനവധി, അവയിൽ ചില സംശയങ്ങൾക്ക് ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.

ആദ്യരാത്രിയിൽ എങ്ങനെ പെരുമാറണം? ആദ്യരാത്രിക്കുവേണ്ടി എന്തെങ്കിലും മുന്നൊരുക്കങ്ങൾ ആവശ്യമുണ്ടോ?

ആദ്യരാത്രിയെക്കുറിച്ച് പറഞ്ഞും കേട്ടും ഉള്ള അറിവ് സൃഷ്ടിക്കുന്ന ജിജ്ഞാസയാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. സാധാരണ രാത്രികളിൽ എങ്ങനെ പെരുമാറുന്നുവോ, അതുപോലെ സ്വഭാവികമായി വേണം ആദ്യരാത്രിയെയും കാണാൻ. സിനിമയിലോ നോവലുകളിലോ കാണുന്ന അതിഭാവുകത്വം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നത് വിഡ്ഢിത്തമായേക്കാം. സാധാരണദിനങ്ങളിൽ നിന്നും ഭിന്നമായി ഇന്ന് കൂടെയുറങ്ങാൻ ഒരു ഉറ്റസുഹൃത്തു കൂടിയുണ്ടെന്നു കരുതുക.

വിവാഹത്തിനു മുമ്പുതന്നെ ഭാവി പങ്കാളിയുടെ സ്വഭാവം മനസ്സിലാക്കാൻ മാർഗമുണ്ടോ? ദുസ്സ്വഭാവങ്ങൾ നേരത്തെ തിരിച്ചറിയാമോ?

ജീവിതത്തിലേക്കു കടന്നു വരുന്ന പെൺകുട്ടിയുടെയോ പുരുഷന്റെയോ സ്വഭാവത്തെക്കുറിച്ച് മുൻകൂട്ടി അറിയാൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമാണിത്. പ്രേമവിവാഹങ്ങൾ ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതൽ കേൾക്കുന്നത് , കല്ല്യാണം കഴിഞ്ഞതോടെ കക്ഷിയുടെ സ്വഭാവം ആകെ മാറിയെന്ന പരാതി തന്നെയാണ്. എന്നിരുന്നാലും വിവാഹത്തിനു മുമ്പ് നല്ലരീതിയിൽ ആശയവിനിമയം നടക്കുന്നത് ഒരു പരിധിവരെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കും.

പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡമെന്താണ്? യോജിച്ച പങ്കാളിയെ എങ്ങനെ കണ്ടെത്താം?

പ്രേമവിവാഹങ്ങളിൽ പ്രണയം മാത്രമാകാം മാനദണ്ഡം. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളിൽ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും സാമൂഹികസാഹചര്യങ്ങളാണ് ഇവയിൽ പ്രധാനം. മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ, കുടുംബം, വിദ്യാഭ്യാസം, ജോലി , ധനസ്ഥിതി, പ്രായം,താമസസ്ഥലം തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തിൽ അസ്ഥിരത ഒഴിവാക്കും. എന്നാൽ ഇതിനെല്ലാം പ്രധാനം പങ്കാളികൾ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെ.

വിവാഹത്തിൽ പങ്കാളിയുടെ പ്രായവ്യത്യാസത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്?

പ്രണയത്തിനു പ്രായമില്ലെന്നു പറയുന്നതുപോലെയാണ് വിവാഹക്കാര്യത്തിലെ പ്രായവ്യത്യാസം. പശ്ചാത്യരാജ്യങ്ങളിൽ അമ്പതും അറുപതും വയസ്സിന്റെ വ്യത്യാസമുള്ളവർവരെ വിവാഹിതരാകുമ്പോൾ നമ്മുടെ നാട്ടിൽ കൂടിപ്പോയാൽ ഒരു 20 വയസ്സിന്റെ വരെ പ്രായവ്യത്യാസമാണ് പൊതുവേ കാണുന്നത്. ചെറുപ്രായത്തിലുള്ള ഒരു കുട്ടിയുടെ സ്വഭാവമല്ലല്ലോ അവനോ അവളോ മുതിർന്നുവരുമ്പോൾ. മറ്റുകാര്യങ്ങളിലെല്ലാം നല്ല പൊരുത്തമുണ്ടെങ്കിൽ പ്രായത്തിലെ വ്യത്യാസം കാര്യമാക്കാറില്ല. എന്നാൽ തന്നെയും ആദ്യവിവാഹിതരുടെ കാര്യത്തിൽ ഒരുപാട് വ്യത്യാസം ഉണ്ടാകാതിരിക്കുന്നതു തന്നെ നല്ലത്.

ആദ്യരാത്രിയിൽ തന്നെ എല്ലാകാര്യങ്ങളും പങ്കാളിയോടു തുറന്നു പറയാമോ? ആദ്യ രാത്രിയിൽ പറയരുതാത്ത കാര്യങ്ങളുണ്ടോ?

പുതിയൊരു തുടക്കമാണ് വിവാഹജീവിതം. അതുവരെ പരസ്പരം അടുത്തറിയാത്ത രണ്ടു വ്യക്തിത്വങ്ങൾ കൂടിചേരുന്നു.അതുകൊണ്ട് തന്നെ ഇരുവരുടെയും ഭൂതകാലം അവിടെ പ്രസക്തമല്ല. ഇന്നു മുതൽ മുന്നോട്ട് എങ്ങനെ എന്നു മാത്രമേ നോക്കേണ്ടതുള്ളൂ. വിവാഹപൂർവജീവിതത്തെപ്പറ്റിയുള്ള കുമ്പസാരം തീർച്ചയായും ഒഴിവാക്കണം. ചോദിക്കരുത്, പറയരുത്, പറഞ്ഞാൽ കേൾക്കരുത് എന്നതാവണം ഇക്കാര്യത്തിലെ പ്രമാണം. ആവേശത്തിനു ആദ്യരാത്രി പറയുന്ന പല കാര്യങ്ങളും കുഴിമാടം വരെ കൂട്ടുവരാം. അതുപോലെ സ്വന്തം മാതാപിതാക്കളെയും ബന്ധുജനങ്ങളെയും ഒരുപാട് പുകഴ്ത്തിയോ ഇകഴ്ത്തിയോ സംസാരിക്കരുത്. വരുംനാളുകൾ അനുഭവത്തിലൂടെ പങ്കാളി കാര്യങ്ങൾ സ്വയം മനസ്സിലാക്കിയെടുത്തോളും.

ആദ്യരാത്രിയിൽ പറയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ടെൻഷൻ മാറാൻ എന്തു ചെയ്യണം?

ഫോണും ഇന്റർനെറ്റുമൊക്കെയായി ആശയവിനിമയ സാധ്യതകൾ വർധിച്ച ഇക്കാലത്ത് വധുവരന്മാർ തമ്മിൽ അപരിചിത്വം കുറവായിരിക്കും. അതുകൊണ്ടു തന്നെ കിടപ്പറയിലും തുറന്ന പെരുമാറ്റം പ്രതീക്ഷിക്കാം. വിശ്വാസികളാണെങ്കിൽ നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ച് ഒരുമിച്ചുള്ള ചെറിയൊരു പ്രാർഥനയോടെ തന്നെ വേണം തുടങ്ങാൻ. അതിനുശേഷം അന്നത്തെ ദിവസം അനുഭവപ്പെട്ട രസകരമായ കാര്യങ്ങൾ ഓരോന്നും അങ്ങോട്ടും ഇങ്ങോട്ടും പറയുക . തമാശമൂഡീൽ തന്നെ കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിനൊരു അയവ് വരും. പങ്കാളിയെ ആദ്യം കണ്ടപ്പോൾ തോന്നിയ ഇഷ്ടം ,കണ്ണുകളുടെ ഭംഗി, പെരുമാററത്തിലെ പക്വത തുടങ്ങി താൽപര്യം ഉണർത്തിയ കാര്യങ്ങളൊക്കെ പറയാം. തുടർന്ന് കുടുംബാംഗങ്ങളെയും അവരുടെ സ്വഭാവവിശേഷങ്ങളെയും കുറിച്ച് ലഘുവായി സംസാരിക്കാം. വിശേഷങ്ങൾ പരസ്പരം പങ്കുവയ്ക്കുന്തോറും പങ്കാളിയെ കൂടുതൽ അടുത്തറിയാനാകും.

വിവാഹശേഷം പങ്കാളിയിൽ നിന്നും അപ്രതീക്ഷിത അനുഭവങ്ങൾ ഉണ്ടായാൽ അവ എങ്ങനെ കൈകാര്യം ചെയ്യാം?

വിവാഹശേഷം സ്വഭാവംകൊണ്ടും ശരീരംകൊണ്ടും പങ്കാളിയെ അടുത്തറിയുമ്പോൾ പല പൊരുത്തക്കേടുകളും ഉയർന്നുവരാം . വളരെ സ്വഭാവികമാണിത്. ഇത്തരം പ്രശ്‌നങ്ങൾ തമ്മിൽ പറഞ്ഞു തീർക്കുകയോ സ്വയം മനസിലാക്കി വിധേയപ്പെടുകയോ വേണം. അവിടെ തീർന്നില്ലെങ്കിൽ മാത്രം രണ്ടുപേർക്കും സ്വീകാര്യനായ ഒരു വ്യക്തിയോടു പറഞ്ഞ് അവരുടെ നിർദേശം അനുസരിച്ച് മുന്നോട്ടു പോവുക . അതിനുള്ള സാഹചര്യം ഇല്ലെങ്കിൽ കൌൺസിലിങ് സെന്ററുകളെ ആശ്രയിക്കാം.

കന്യാചർമ്മം ഉള്ള പെൺകുട്ടി മാത്രമേ കന്യകയായിരിക്കുകയുള്ളോ?

വളരെയധികം ഉന്നയിക്കപ്പെടുന്ന ഒരു സംശയമാണിത്. കന്യാചർമം ഇല്ലാത്ത പെൺകുട്ടി കന്യകയല്ലെന്ന് പറയാനാവില്ല. കാരണം വളരെ നേർത്ത കന്യാചർമം വളർച്ചയുടെ പല ഘട്ടങ്ങളിലും നഷ്ടപ്പെടാം. അൽപം ആയാസത്തോടെ ഏർപ്പെടുന്ന ഒരു വ്യായാമമുറയോ സ്‌പോർട്‌സ് ഐറ്റമോ ജോലിയോ മൂലം കന്യാചർമത്തിനു കേടുവരാം. അതുകൊണ്ട് കന്യാചർമത്തിൽ നിർബന്ധം പിടിക്കാതെ പരസ്പരവിശ്വാസത്തിൽ അധിഷ്ഠിതമായി മുന്നോട്ടു പോകുകയാണു വേണ്ടത്.

പുരുഷന്റെ സ്വയംഭോഗം വന്ധ്യതയ്ക്കു കാരണമാകുമോ? അത് ദാമ്പത്യജീവിതത്തെ സ്വാധീനിക്കുമോ?

ശരീരശാസ്ത്രപരമായി സ്വയംഭോഗത്തിനും സംഭോഗത്തിനും തമ്മിൽ വ്യത്യാസമൊന്നുമില്ല. സംഭോഗത്തിൽ പുരുഷലിംഗം സ്ത്രീയുടെ യോനിക്കുള്ളിലേക്കു പ്രവേശിച്ചു ശുക്ലം അവിടെ നിക്ഷേപിക്കുന്നു. സ്വയംഭോഗത്തിൽ ഇതെല്ലാം കൈക്കുള്ളിൽ നടക്കുന്നു. വസ്തുത ഇതായിരിക്കെ സ്വയംഭോഗം വന്ധ്യതയ്ക്ക് കാണമാകില്ല. പക്ഷേ നിയന്ത്രിക്കാനാകാത്ത, അമിതമായ സ്വയംഭോഗാസ്‌ക്തി ദാമ്പത്യത്തെ ബാധിക്കാം.

ശാരീരിക ന്യൂനതകൾ മറച്ചുവച്ചു കൊണ്ടു വിവാഹം കഴിക്കാമോ? അത് ദാമ്പത്യത്തെ ബാധിക്കുമോ?

ഒരിക്കലും പാടില്ല. മാനസികമായോ ശാരീരികമായോ ഏതെങ്കിലും വിധത്തിലുള്ള തകരാർ ഉണ്ടെങ്കിൽ അതു തുറന്നു പറഞ്ഞുകൊണ്ട് വേണം പങ്കാളിയെ തേടാൻ. അല്ലാത്തപക്ഷം പിന്നീട് സത്യം തിരിച്ചറിയുമ്പോൾ വഞ്ചിക്കപ്പെട്ടു എന്ന തോന്നലിൽ വിവാഹബന്ധം തന്നെ വേർപെടുകയോ കുടുംബബന്ധം തകരുകയോ ചെയ്യാം. കുറഞ്ഞ പക്ഷം വിവാഹം കഴിക്കുന്ന ആളെങ്കിലും നിങ്ങളുടെ പ്രശ്‌നങ്ങൾ വിവാഹത്തിനു മുമ്പേ അറിഞ്ഞിരിക്കണം.

ദാമ്പത്യജീവിതത്തിൽ പിടിവാശിയും മത്സരവും വേണ്ട. 
ദാമ്പത്യജീവിതം ഒരു മത്സരമല്ല. ഇവിടെ ജയവും പരാജയവും ഇല്ല. അതുകൊണ്ട് പിടിവാശിയും മത്സരവും ജീവിതത്തിൽ വേണ്ട. സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണമെന്ന പഴഞ്ചൻ ചിന്താഗതി വച്ചുപുലർത്തുന്നത് ആരോഗ്യകരമല്ല. സ്ത്രീ പുരുഷന് അടിമയാണെന്നൊക്കെയുള്ള ചിന്തകൾ കാലഹരണപ്പെട്ടു. ദാമ്പത്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണുള്ളത്. അതുകൊണ്ടുതന്നെ പരസ്പര ബഹുമാനം ഉണ്ടായിരിക്കണം.
ആശയപരമായുള്ള പരസ്പര സ്വീകാര്യതയും ഉണ്ടായിരിക്കണം. എല്ലാക്കാര്യങ്ങളും ഒറ്റയ്ക്ക് തീരുമാനിച്ചു നടപ്പിലാക്കുന്ന പുരുഷ സ്വഭാവം മാറ്റിയെടുക്കേണ്ടതുതന്നെ. വിവാഹത്തിനു മുമ്പ് പങ്കാളിയിൽ ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയുന്നതുകൊണ്ട് ദോഷമില്ല. വിവാഹത്തിനു മുമ്പുള്ള എണ്ണപ്പെട്ട ദിവസങ്ങൾക്കുള്ളിൽ പങ്കാളിയെ കൂടുതൽ അറിയാൻ ചിലപ്പോൾ കഴിഞ്ഞെന്നുവരില്ല. എങ്കിലും മനസിലാക്കാൻ കഴിയാവുന്നിടത്തോളം മനസിലാക്കുക. അടുത്തറിയുക.