ശബരിമല വിധി വരാനിരിക്കെ ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍

തിരുവനന്തപുരം: ശബരിമല വിധി വരാനിരിക്കെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍ പോയി. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ബെഹ്റ അവധിയെടുത്തത്. അതേസമയം ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്.

ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് ബെഹ്റ പോവുന്നത്. ഇന്റലിജന്‍സ് എ ഡി ജി പി ടി കെ വിനോദ് കുമാര്‍ ചൊവ്വാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ടി കെ വിനോദ് കുമാര്‍ അവധിയില്‍ പോവുന്നത്.

Loading...

ഇന്റലിജന്‍സ് എഡിജിപിയുടെ പകരം ചുമതലയും ശേഖ് ദര്‍വേസ് സാഹിബിനാണ്. അടുത്ത ഞായറാഴ്ച വരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം. ഔദ്യോഗിക പരിപാടികള്‍ക്കായി ഫ്രാന്‍സിലേക്കാണ് മനോജ് എബ്രഹാം പോവുന്നത്. എങ്കിലും അവധി അപേക്ഷയില്‍ കാഷ്വല്‍ ലീവ് എന്നാണ് കാണിച്ചിരിക്കുന്നത്.

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ ഈ ആഴ്ച വിധി വരാനിരിക്കെയാണ് സംസ്ഥാന പൊലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അവധിയില്‍ പ്രവേശിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.

അതേസമയം ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലേക്കു നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വനത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ഭക്തര്‍ വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും എവിടെനിന്നും അക്രമം പ്രതീക്ഷിക്കാം.

അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അതീവ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ഭക്തരുടെ കൂട്ടത്തിലേക്കു ഇവര്‍ കടന്നു കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്ക് കടത്താന്‍ സാധ്യതയുണ്ട്. തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം വലിയൊരു പ്രശ്നത്തിന് സാക്ഷ്യം വഹിച്ചതുമാണ് ശബരിമല. ഇത്തവണയും മറ്റൊരു ആപത്ത് ഉണ്ടാകാനുള്ള സാധ്യതയേറെയുണ്ട്.

ട്രാക്ടറുകളില്‍ സ്വാമി അയ്യപ്പന്‍ റോഡു വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഡോളിയില്‍ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണം. വ്യോമസേനയും നാവിക സേനയും ശബരിമലയില്‍ സംയുക്തമായി വ്യോമനിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ ഓര്‍ഡിനേറ്റര്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡല്‍ ഓഫിസര്‍. എമര്‍ജന്‍സി ലാന്‍ഡിങിനായി നിലയ്ക്കല്‍ ഹെലിപ്പാട് ഉപയോഗിക്കും.