ബെയ്റൂട്ട് സ്ഫോടനം: ഫോട്ടോഷൂട്ടിനിടെ നവവധു ജീവനും കൊണ്ടോടി: ജീവൻ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷിച്ച ആയ: ദൃശ്യങ്ങള്‍ വൈറലാകുന്നു

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇരട്ട സ്ഫോടനം നടന്നത് ഇന്നലെയാണ്. തുറമുഖത്തിനടുത്തുള്ള വെയർഹൗസിലും സമീപപ്രദേശങ്ങളിലുമായാണ് സ്‌ഫോടനം നടന്നത്. സ്ഫോടന സമയത്തുണ്ടായ ചില കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്‌ഫോടനത്തിൽ 78 ഓളം പേർക്ക് ജീവൻ നഷ്ടമായി. നാലായിരത്തിലേറെ പേർക്ക് പരുക്കേറ്റു. ലെബനനിലെ ഇന്ത്യൻ എംബസിക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇതില്‍ വൈറലായ വീഡിയോ ഒരു വധുവിന്‍റേതാണ്. വിവാഹ ഫോട്ടോ ഷൂട്ടിനിടെ സ്‌ഫോടന ശബ്ദം കേട്ട് വധു ഓടുന്ന ദൃശ്യമാണ് വൈറലായ വീഡിയോയിലുള്ളത്.

മനോഹരമായ വെളുത്ത ഗൗണിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് സ്ഫോടനം നടക്കുന്നത്. ഉടൻ തന്നെ ക്യാമറാമാനും വധുവും അടക്കം എല്ലാവരും സ്ഥലത്തു നിന്ന് ഓടുകയാണ്. ക്യാമറയും കൊണ്ട് ഓടുന്നതുകൊണ്ട് തന്നെ ദൃശ്യങ്ങൾ അത്തരത്തിലാണ് കാണാനാവുന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോക്ക് 2.6 മില്ല്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്. 4700 ലധികം പേർ വീഡിയോ പങ്കുവച്ചു. ഫോട്ടോ ഷൂട്ട് നടന്ന നിന്ന സ്ഥലത്തു നിന്നും വളരെ അകലെയാണ് സ്‌ഫോടനം നടന്നതെങ്കിലും പ്രകമ്പനത്തില്‍ കെട്ടിടം മുഴുവന്‍ കുലുങ്ങുന്നുണ്ട്. ഇതോടെ ഭയചകിതരായ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വധുവിന്‍റെ കൈപിടിച്ചു കൊണ്ട് ആരോ രക്ഷപ്പെടുത്താനായി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെളുത്ത ഗൗണ്‍ ധരിച്ച യുവതി ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി ഓടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ‌

Loading...

വീട്ടുജോലിക്കാരി വീട് ക്ലീന്‍ ചെയ്തു കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ സ്ഫോടനത്തില്‍ വീടിന്‍റെ ഗ്ലാസ് ഡോറുകള്‍ പൊട്ടിത്തെറിക്കുന്നതും തനിക്ക് സമീപം നിന്ന കുഞ്ഞിനെ വാരിയെടുത്തുകൊണ്ട് ജോലിക്കാരി ഓടിപ്പോകുന്നതുമായ മറ്റൊരു ദൃശ്യവും പ്രചരിക്കുന്നുണ്ട്. ഈ വീട്ടുജോലിക്കാരിയാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അഞ്ചര ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു. 3000ലധികം ആളുകൾ ഇത് പങ്കുവെക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടുകൂടിയായിരുന്നു ബെയ്റൂത്തിനെ പിടിച്ചു കുലുക്കിയ സ്ഫോടനം. തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്ഫോടനം. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി.