കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: പശ്ചിമ ബംഗാളിലെ റാണാഘട്ടില്‍ 72 വയസ്സുള്ള കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടാഴ്ചയ്ക്കു ശേഷം രണ്ടു പേര്‍ അറസ്റ്റിലായി. പ്രതികളെ മുംബൈയില്‍ നിന്നും ബംഗാളില്‍ നിന്നുമാണ് പിടികൂടിയത്. ആദ്യ പ്രതി മുഹമ്മദ് സലീമിനെ മുംബൈയില്‍ നിന്നും ബംഗാള്‍ സി.ഐ.ഡി സംഘവും മുംബൈ ക്രൈംബ്രാഞ്ചും ചേര്‍ന്ന് വ്യാഴാഴ്ച പിടികൂടി. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമത്തെ പ്രതി ബംഗാളിലെ 24 പര്‍ഗാനായില്‍ നിന്നും പിടിയിലായി.

സലീമിന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സി.ഐ.ഡി അറിയിച്ചു. ഇയാളെ ഇന്നു തന്നെ കൊല്‍ക്കൊത്തയില്‍ കൊണ്ടുവരും. സലീമിന് ബംഗ്ലാദേശിലെ ക്രിമിനലുകളുമായും ബന്ധമുണ്ട്. മുംബൈയിലെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് സലീമിനെ പിടികൂടിയതെന്ന് സി.ഐ.ഡി എ.ഡി.ജി രാജീവ് കുമാര്‍ അറിയിച്ചു. കുറ്റകൃത്യം നടന്ന 13 ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യ അറസ്റ്റ് നടക്കുന്നത്.

Loading...

കന്യാസ്ത്രീകള്‍ താമസിച്ചിരുന്ന മഠത്തില്‍ അതിക്രമിച്ചുകയറി എട്ടംഗ അക്രമി സംഘം മറ്റു കന്യാസ്ത്രീകളെ മുറികളില്‍ പൂട്ടിയിട്ട ശേഷമാണ് വയോധികയായ കന്യാസ്ത്രീയെ ആക്രമിച്ചത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപയും മറ്റും മോഷ്ടിച്ച ശേഷമാണ് അക്രമികള്‍ കടന്നുകളഞ്ഞത്.

അക്രമികളില്‍ നാലുപേരുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കേസ് ആദ്യം അന്വേഷിച്ച പോലീസ് പത്തു പേരെ കസ്റ്റിഡയില്‍ എടുത്തിരുന്നു. അറസ്റ്റ് വൈകിയതോടെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധം കടക്കിലെടുത്ത് മമത ബാനര്‍ജി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സി.ബി.ഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല.