എലിവിഷം കഴിച്ച ശേഷം മരത്തില്‍ക്കയറി ആത്മഹത്യാശ്രമം; കൊമ്പൊടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

വിഴിഞ്ഞം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് എലി വിഷം കഴിച്ച ശേഷം മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് മരത്തില്‍ നിന്നും വീണ് ഗുരുതര പരിക്ക്. പശ്ചിമ ബംഗാള്‍ സ്വദേശി സോളമ(22)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോവളം തൊഴിച്ചല്‍ ഭാഗത്തെ സ്വകാര്യ പുരയിടത്തിലാണ് സംഭവം.

വിഷം കഴിച്ച ശേഷം ഇയാള്‍ 35 അടിയോളം ഉയരമുള്ള മാവില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നി രക്ഷാസേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. മരക്കൊമ്പ് ഒടിഞ്ഞ് താഴെ അഗ്‌നിരക്ഷാസേന നിരത്തിയിരുന്ന ബെഡ്ഡില്‍ വീണതിനാല്‍ അപകടം ഒഴിവായി.

വീഴ്ചയില്‍ യുവാവിന്റെ കൈക്കും പുറത്തും പരിക്കേറ്റു. യുവാവിനെ രക്ഷിക്കുന്നതിനിടയില്‍ ബെഡ് പിടിച്ചിരുന്ന നാട്ടുകാരന്റെ തോളെല്ലിന് പരിക്കേറ്റു.

അഗ്നിശമന സേന വിഴിഞ്ഞം സ്റ്റേഷന്‍ ഓഫീസര്‍ ടി.രാമമൂര്‍ത്തി, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

Top