ബംഗലൂരുവില്‍ 33 മണിക്കൂർ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍: മധുരയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ബംഗലൂരു: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനം തടയാന്‍ നിയന്ത്രണം കടുപ്പിക്കാന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.

Loading...

അതേസമയം തമിഴ്‌നാട്ടിലെ മധുരയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 12 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. മധുര ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ അടച്ചിടലിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം. മധുരയില്‍ ഇന്നലെ മാത്രം 287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മധുര നഗരത്തില്‍ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3423 ആയി.