ബാംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു ; കോളേജ് അറ്റന്‍ഡര്‍ അറസ്റ്റില്‍

ബാംഗളൂര്‍: കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ വെടിയേറ്റു മരിച്ചു. കാടുഗോഡി പ്രഗതി ഹൈസ്‌കൂള്‍/പി.യു. കോളേജ് വിദ്യാര്‍ഥിനിയും തുമകൂരു സ്വദേശിയുമായ ഗൗതമി (18) ആണ് മരിച്ചത്. ഗൗതമിയുടെ മുറിയില്‍ താമസിച്ചിരുന്ന പി.യു. വിദ്യാര്‍ഥിനി സിരിഷയ്ക്കും വെടിയേറ്റു. നഗരത്തില്‍ കാടുഗോഡിയില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനിയാണ് വെടിയേറ്റ് മരിച്ചതു്‌. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അറ്റന്‍ഡര്‍ അറസ്റ്റില്‍.

ബാംഗളൂരിലെ സ്വകാര്യ ആസ്​പത്രയില്‍ ചികിത്സയില്‍ കഴിയുന്ന സിരിഷ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Loading...
മഹേഷ്
മഹേഷ്

സംഭവത്തിനുശേഷം ഒളിവിലായിരുന്ന ശിവമോഗ സ്വദേശിയും പ്രഗതി കോളേജിലെ അറ്റന്‍ഡറുമായ മഹേഷിനെ (40) ബെംഗളൂരു നാരായണപുരയിലെ സഹോദരിയുടെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. സംഭവത്തിന്റെ കാരണം അന്വേഷണത്തിനുശേഷമേ വ്യക്തമാവൂ എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിയുടെ പക്കല്‍നിന്ന് കൃത്യത്തിനുപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ മൂന്നാം നിലയിലെ പെണ്‍കുട്ടികളുടെ മുറിയിലെത്തിയ മഹേഷ് ഇവരുമായി വാദപ്രതിവാദം നടത്തുകയും ഒടുവില്‍ വെടിവെക്കുകയുമായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. തലയ്ക്ക് വെടിയേറ്റ ഗൗതമി തത്ക്ഷണം മരിച്ചു. മുഖത്തു വെടിയേറ്റ സിരിഷയെ ഉടന്‍ ആസ്​പത്രിയിലെത്തിക്കുകയായിരുന്നു. പ്രഗതി കോളേജില്‍ രണ്ടു വര്‍ഷത്തിലധികമായി അറ്റന്‍ഡറായി ജോലിചെയ്യുന്ന മഹേഷ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും ഭക്ഷണവും അസുഖം വന്നാല്‍ മരുന്നുകളുമെല്ലാം എത്തിച്ചുകൊടുത്തിരുന്നു .

സിരിഷ
സിരിഷ

സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോളേജിനുമുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി . കാടുഗോഡി പോലീസ് സ്‌കൂള്‍ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌കൂളുകളുടെ നടത്തിപ്പിന്മേലുളള സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്‌കൂളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.