പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയസ്സ് തിരുത്തി ദുബൈയില്‍ എത്തിച്ച് പെണ്‍വാണിഭം

ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയസ്സ് തിരുത്തി ദുബൈയില്‍ എത്തിച്ച് പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ച കേസില്‍ പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. 15 വയസ്സ് മാത്രം പ്രായമുള്ള ബംഗ്ലദേശ് സ്വദേശിയായ പെണ്‍കുട്ടിയെയാണ് വയസ്സ് തിരുത്തി 25 വയസ്സെന്ന് കാണിച്ച് ഗള്‍ഫില്‍ എത്തിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ വീട്ടുജോലിക്കാരി സ്ത്രീ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഇതിന് സഹായിച്ച ബംഗ്ലദേശ് സ്വദേശികളായ 34, 27 വയസ്സുള്ള രണ്ടു പുരുഷന്‍മാര്‍ക്കും ശിക്ഷയുണ്ട്. പ്രതികള്‍ 100,000 ദിര്‍ഹം വീതം പിഴയും അടയ്ക്കണം എന്നും കോടതി വിധിച്ചു.

പെണ്‍കുട്ടിയുടെ ബന്ധുവായ ബംഗ്ലാദേശ് യുവതിയും രണ്ട് ബംഗ്ലദേശ് യുവാക്കളുമാണ് കേസില്‍ പിടിയിലായത്. യുവതിയുടെ സഹോദരിയുടെ 15 വയസുള്ള വളര്‍ത്തുമകളുടെ യാത്രാരേഖകളില്‍ തിരുത്ത് വരുത്തിയാണ് ബംഗ്ലാദേശില്‍ നിന്നും ആദ്യം ഒമാനിലേക്കും പിന്നീട് ദുബയിലേക്കും എത്തിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ദുബയിലേക്ക് കൊണ്ടുവന്നത്. 15 വയസ്സിനു പകരം 25 വയസ്സ് എന്ന് തിരുത്തിയായിരുന്നു പെണ്‍വാണിഭത്തിനായി കുട്ടിയെ എത്തിച്ചതെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിക്ക് ലഭിച്ചിരുന്ന പണത്തില്‍ ചെറിയൊരു ഭാഗം യുവതി കുട്ടിയുടെ മാതാവിന് അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ആ മാതാവിന് മകള്‍ അവിടെ നേരിട്ട ക്രൂരമായ അവസ്ഥയെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Loading...

തന്റെ മകള്‍ ദുബായില്‍ പോയിട്ട് വര്‍ഷങ്ങളായെങ്കിലും അവളുടെ ജോലി എന്താണെന്ന് തനിക്കറിയില്ലെന്നാണ് മാതാവ് പറയുന്നത്. എല്ലാ മാസവും കൃത്യമായി പണമയക്കുകയും മാസത്തില്‍ ഒരു തവണ വിളിക്കുകയും ചെയ്തിരുന്നു. അവള്‍ അവിടെയൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറഞ്ഞിട്ടിട്ടുള്ളതെന്നും മാതാവ് പറയുന്നു. വിവരം അറിഞ്ഞ് തകര്‍ന്നിരിക്കുകയാണ് മാതാവ്.

ദുബൈയില്‍ എത്തിച്ച പെണ്‍കുട്ടിയെ ഫ്ലാറ്റിലെ മുറിയില്‍ ബലമായി പൂട്ടിയിട്ട ശേഷം ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. തടവിനും പിഴയ്ക്കും പുറമെ, ശിക്ഷാകാലാവധി കഴിഞ്ഞാല്‍ മൂന്നുപേരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഫ്ലാറ്റ് പൂട്ടിയിടാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു, ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി, രേഖകളില്‍ കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മൂന്നുപേര്‍ക്കുമെതിരേ ചുമത്തിയത്.