മഹാരാഷ്ട്രയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഗുഡ്വിന്‍ ജ്വല്ലറി ഉടമകളുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധം: സമഗ്ര അന്വേഷണം വേണമെന്ന് ബെന്നി ബെഹ്നാന്‍ എം.പി

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ കോടികളുടെ തട്ടിപ്പ് നടത്തി ജയിലിലായ ഗുഡ്വിൻ ജ്വല്ലറി ഉടമകളുമായി കേരളത്തിലെ സിപിഎം നേതാക്കൾക്കുള്ള ബന്ധത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിടയക്കം അഞ്ച് ഉന്നതരുമായാണ് ഗുഡ്വിൻ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതികൾക്ക് അടുത്ത ബന്ധമുള്ളത്. നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി അവർ നിക്ഷേപം ആകർഷിച്ചത്.

നൂറു കണക്കിന് മലയാളികൾ വഞ്ചിക്കപ്പെട്ട കേസിലെ പ്രതികളുമായി ഉന്നത സിപിഎം നേതാക്കൾക്കുള്ള ബന്ധത്തെ കുറിച്ച് പുറത്തുവന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മന്ത്രി തന്റെ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ കോടികളുടെ കരാറും ഇവരുടെ ഉടമസ്ഥതയിലുള്ള ഗുഡ്വിൻ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകി. കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചതാകട്ടെ സിപിഎം മന്ത്രിയും എംപിയും ചേർന്ന്. സിപിഎം നേതൃത്വവും ഗുഡ്വിൻ ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്രത്തോളം ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. ഭരണത്തിന്റെ മറവിൽ എന്തൊക്കെ വഴിവിട്ട സഹായങ്ങളാണ് ഗുഡ്വിൻ സഹോദരങ്ങൾക്ക് സിപിഎം ചെയ്തുകൊടുത്തതെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

Loading...

ജയിലിൽ കഴിയുന്ന പ്രതികളുടെ ആസ്തി മുഴുവൻ കേരളത്തിലാണ്. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മുംബൈയിലെ തട്ടിപ്പിനിരയായ മലയാളികൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഒന്നിലേറെ തവണ പരാതി നൽകിയിട്ടും ഇവർക്കെതിരെ കേരളത്തിൽ ഒരു കേസും എടുത്തിട്ടില്ല. ഇത് ദുരൂഹ വർധിപ്പിക്കുന്നുവെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ഗുഡ്വിൻ സഹോദരങ്ങൾക്കെതിരെ കേരളത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണം. അവരുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടി മലയാളികൾ അടക്കമുള്ള നിക്ഷേപകരുടെ നിക്ഷേപങ്ങൾ തിരികെ ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടക്കാൻ സംസ്ഥാന സർക്കാർ മൂൻകൈയ്യെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.