ഒടുവില്‍ ബെവ് ക്യൂ ആപ്പിന് അനുമതി, മദ്യവിതരണം ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് അനുമതി നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നാളെയോ മറ്റന്നാളോ കഴിയും. ഏറെ നാളായിട്ടുള്ള മദ്യഉപഭോക്താക്കളുടെ കാത്തിരിപ്പിനൊടുവിലാണ് ഗൂഗിള്‍ ആപ്പിന് അനുമതി നല്‍കിയത്.

അതേസമയം തന്നെ ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ആയിരിക്കും മദ്യവിപണനം എന്നു തുടങ്ങും എന്നതില്‍ ധാരണയാവുക.ഇനി രണ്ട് കടമ്പയാണ് ഈ ആപ്പിന് നിലവില്‍ വരിക. ഒന്നാമത്തെ കാര്യം ഒരേസമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോള്‍ തകരാറിലാകാതിരിക്കാന്‍ ലോഡ്ങ് ടെസ്റ്റ് നടത്തും. അതേസമയം തന്നെ ഹാക്കിങ് ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ പരിശോധനയും നടത്തും.

Loading...

ഇനി ഈ ആപ്പിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഉപയോഗിക്കുന്ന ആളുകളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും. ഇതിലൂടെ ഒരു ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ വരണമെന്നായിരിക്കും അറിയിക്കുക. അതനുസരിച്ചായിരിക്കും ഉപഭോക്താക്കള്‍ മദ്യം വാങ്ങാനായി എത്തേണ്ടത്. ഒപ്പം ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തകയും ചെയ്യും.