നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിയൻമാർക്ക് ആശ്വാസം. നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങും. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബവ്റിജസ് കൗണ്ടറുകൾ പൂട്ടും. ‌‌ മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ – വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്. എന്നാൽ ഓൺലൈൻ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ഫെയർ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ടോക്കൺ വിതരണത്തിനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഇവരെ തെരഞ്ഞെടുത്തത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. 301 ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ – വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും. ശ്രദ്ധിക്കേണ്ടത്, ബാർ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. വാങ്ങിക്കൊണ്ട് പോകാനേ പാടുള്ളൂ. അതിന് പ്രത്യേക കൗണ്ടർ വേണം.

Loading...

ബാറിന്‍റെ മുന്നിൽ ബവ്റിജസിന്‍റെ മുന്നിലോ ഒരു സമയം അഞ്ച് പേർ മാത്രമേ വരാൻ പാടുള്ളൂ. ആരോഗ്യവകുപ്പിന്‍റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് പിപിഇ കിറ്റുകളോടെയാകും മദ്യം വിതരണം ചെയ്യുക. മദ്യം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ. ബുക്കിംഗ് രാവിലെ 6 മണി മുതൽ രാത്രി പത്ത് മണി വരെ. ഒരാൾക്ക് അഞ്ച് ദിവസത്തിലൊരിക്കലേ മദ്യം വാങ്ങാനാകൂ. 5 മണിക്ക് ക്യൂ അവസാനിപ്പിക്കും, ഔട്ട്‍ലെറ്റ് അടയ്ക്കും. ബുക്കിംഗിൽ അനുമതി കിട്ടാത്ത ഒരാൾ പോലും ഔട്ട്‍ലെറ്റിന് മുന്നിലോ ബാറിന്‍റെ മുന്നിലോ വരാൻ പാടില്ല. ഇത് കർശനമായി വിലക്കിയിട്ടുണ്ടെന്നും എക്സൈസ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.