ബെവ്ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചു, ബുക്ക് ചെയ്യുന്നവര്‍ക്ക് ഉടനടി ടോക്കണ്‍

മദ്യ വില്‍പനയ്ക്കായി ബീവറേജസ് കോര്‍പറേഷന്റെ ബെവ്ക്യു ആപ്പ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു കാരണം. പലര്‍ക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി കിട്ടിയവര്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല ബുക്ക് ചെയ്തവര്‍ക്ക് ലഭിച്ച സ്ഥലം വളരെ അകലെയും. ഇപ്പോള്‍ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് ബുക്കിംഗ് പുനരാരംഭിച്ചിരിക്കുകയാണ്.

നേരത്തെ പലര്‍ക്കും ടോക്കണ്‍ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു, ഇതിനെ തുടര്‍ന്ന് മന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. തുടര്‍ന്നാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. എന്നാല്‍ നാളെയും മറ്റെന്നാളും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.

Loading...

ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ വിതരണം ചെയ്യുന്നതിന് ആദ്യ ദിവസം മുതല്‍ തന്നെ പല സാങ്കേതിക പ്രശ്‌നങ്ങളാണ് നിലനിന്നിരുന്നത്. വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ എക്‌സൈസ് മന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ തന്നെ ടോക്കണ്‍ ലഭ്യമാകുന്നുണ്ടെന്നാണ് വിവരം.

ആദ്യ ദിവസങ്ങളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എക്‌സൈസ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിന്റെ പരിമിതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബെവ്‌കോയോടും സ്റ്റാര്‍ട്ടപ്പ് മിഷനോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ പിന്നാലെ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകും.