അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചിരുന്നു: കുഞ്ഞിനെക്കുറിച്ചും ബാലഭാസ്‌കർ അന്വേഷിച്ചിരുന്നു: സിബിഐ സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌കറെ ബോധരഹിതനായ നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദം തള്ളി അപകടദിവസം കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസൽ. മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിനു ബോധം ഉണ്ടായിരുന്നുവെന്നാണ് ഡോ. ഫൈസലിന്റെ വെളിപ്പെടുത്തൽ.

കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ട്രോളിയിൽ ബാലഭാസ്‌കറിനെ കാണുന്നതെന്ന് ഡോ. ഫൈസൽ പറയുന്നു. അദ്ദേഹത്തെ വേ​ഗം തിരിച്ചറിനായെന്നും അതിനാൽ തന്നെ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചിരുന്നു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞിരുന്നതായി ഡോ. ഫൈസൽ വ്യക്തമാക്കി.

Loading...

ഗുരുതരമായ മുറിവുകൾ പുറമേ ശ്രദ്ധയിൽപെട്ടിരുന്നില്ല. പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ആ സമയത്ത് നിലവിളിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചിരുന്നു. അവർക്ക് കുഴപ്പമില്ലെന്ന് താൻ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെക്കുറിച്ചും ബാലഭാസ്‌കർ അന്വേഷിച്ചിരുന്നു. ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.‍ കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും തളർന്നു പോയെന്നും ബാലഭാസ്‌കർ പറഞ്ഞപ്പോൾ താൻ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ആംബുലൻസുമായി ബന്ധുക്കൾ എത്തിയത്. ആംബുലൻസിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടർ പറഞ്ഞു. അതേസമയം ലക്ഷ്മിയിൽനിന്നും സി.ബി.ഐ. സംഘം മൊഴിയെടുത്തു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങൾക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്.

2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ബാലഭാസ്കർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഒക്ടോബർ രണ്ടിനും മരിച്ചു. ബാലഭാസ്കറിന്റെ അപകടമരണത്തിൽ തുടക്കം മുതലേ ദുരൂഹത ഉയർന്നിരുന്നു. ബാലഭാസ്കറിന്റെ മാനേജറായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളും മാസങ്ങൾക്ക് ശേഷം സ്വർണക്കടത്ത് കേസിൽ പിടിയിലായി. ഇതോടെയാണ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ ശക്തമായത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തൽ.