കോവിഡ് ഭീതി ഉയരുന്നതിനിടെയിലും ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചരത്യത്തിലും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഫരീദാബാദ് അതിര്‍ത്തിയില്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയുടെ നേതൃത്വത്തില്‍ രാഹുലിനേയും യാത്രികരേയും സ്വീകരിച്ചു.

പ്രമുഖനടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍, രക്തസാക്ഷി ഭഗത് സിങ്ങിന്റെ മരുമകന്‍ മേജര്‍ ജനറല്‍ ഷിയോറ സിങ്, സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങള്‍, പ്രതിപക്ഷ എംപി മാര്‍ തുടങ്ങിയ അരലക്ഷത്തോളംപേര്‍ ഡല്‍ഹിയിലെ യാത്രയില്‍ രാഹുലിനൊപ്പം അണിനിരക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

Loading...

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചാല്‍ അതനുസരിച്ചേ യാത്രനടത്തുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖാവരണം ധരിക്കാനും സാമൂഹികാകലം പാലിക്കാനും തയ്യാറാണ്. കോവിഡിന്റെ പേരില്‍ യാത്രയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച നിസാമുദ്ദീന്‍ വഴി ഇന്ത്യാഗേറ്റ്-ഐടിഒ-ധരിയാ ഗഞ്ച് റൂട്ടിലൂടെ ചെങ്കോട്ടയിലേക്ക് യാത്ര എത്തും.

തുടര്‍ന്ന് രാഹുല്‍ മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ട്, നെഹ്രുവിന്റെ സ്മാരകമായ ശാന്തിവന്‍, ഇന്ദിരാഗാന്ധിയുടെ സ്മാരകമായ ശക്തിസ്ഥല്‍, രാജീവ് ഗാന്ധിയുടെ സ്മാരകമായ വീര്‍ഭൂമി തുടങ്ങിയ സ്ഥലങ്ങളിലെത്തി പുഷ്പാര്‍ച്ചനനടത്തും.