ഭവാനി പുഴ കരകവിഞ്ഞു; ദമ്പതികള്‍ തുരുത്തില്‍ ഒറ്റപ്പെട്ടിട്ട് നാല് നാള്‍

കനത്ത മഴയെ തുടര്‍ന്ന് ഭവാനി പുഴ കരകവിഞ്ഞതോടെ പുത്തൂരില്‍ ദമ്പതികള്‍ തുരുത്തില്‍ ഒറ്റപ്പെട്ടു. മണ്ണാര്‍ക്കാട് സ്വദേശികളായ സുഗുണനും ഭാര്യ വത്സമ്മയുമാണ് നാല് ദിവസമായി ഉദിക്കക്കാട് തുരുത്തില്‍ അകപ്പെട്ടിരിക്കുന്നത്. വത്സമ്മ രോഗബാധിതയാണ്. ഇരുവര്‍ക്കും അമ്പതിന് മുകളില്‍ പ്രായമുണ്ട്.

ശനിയാഴ്ച പുഴ കരകവിഞ്ഞതോടെ ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതിനിടെ വത്സമ്മക്ക് പനി രൂക്ഷമായതോടെ പുത്തൂര്‍ തച്ചംപടിയില്‍ താമസിക്കുന്ന ബന്ധുവിനെ ഫോണില്‍ വിളിച്ചു. അങ്ങനെ ചൊവ്വാഴ്ച വൈകീട്ടാണ് ഇവര്‍ ഒറ്റപ്പെട്ട വിവരം പുറംലോകമറിഞ്ഞത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ ബോട്ട് അടക്കം ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുകയാണ്.

ഭവാനിപ്പുഴക്ക് നടുവിലാണ് ഉദിക്കക്കാട് ദ്വീപ്. അഗളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പട്ടിമാളം ഊരില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണിത്. ഒരു വര്‍ഷമായി ഇരുവരും ഇവിടെയാണ് താമസം. ഒന്നരയേക്കറോളം വരുന്ന ദ്വീപിലെ കപ്പക്കൃഷിയുടെ നോട്ടക്കാരാണ് ഇവര്‍.

Top