അമലാ പോളിന്റെ പരാതിയില്‍ അറസ്റ്റിലായ ഭവ്‌നിന്ദര്‍ സിങ് ദത്തിന് ജാമ്യം

ചെന്നൈ. നടി അമലാ പോളിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ മുന്‍ സുഹൃത്തിന് ജാമ്യം. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അമലാ പോളിന്റെ പരാതി. കേസില്‍ മുന്‍ സുഹൃത്തും ഗായകനുമായ ഭവ്‌നിന്ദര്‍ സിങ് ദത്തിനെയാണ് പോലീസ് പിടികൂടിയത്. വിഴുപുരം ജില്ലയിലെ വാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

2018ല്‍ ഇരുവരും തമ്മില്‍ നന്ന വിവാഹത്തിന്റെ രേഖകള്‍ കോടതിയില്‍ ഭവ്‌നിന്ദര്‍ സിങ് ദത്തിന്റെ അഭിഭാഷകന്‍ ഹാജരാക്കി. ഭവ്‌നിന്ദര്‍ സിങ് നിരപരാധിയാണെന്നും വിരോധത്തിന്റെ പേരിലാണ് അമലാ പോള്‍ പോലീസില്‍ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുവരും തമ്മില്‍ പിരിഞ്ഞതിന്റെ പേരിലുള്ള വിരോധമാണ് ഇത്തരത്തില്‍ കേസുകള്‍ നല്‍കിയതിന് കാരണമെന്നും ഭവ്‌നിന്ദര്‍ സിങ് കോടതിയില്‍ പറഞ്ഞു.

Loading...

സുഹൃത്തുക്കളായിരുന്ന സമയത്ത് എടുത്ത സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അമലാ പോളിന്റെ പരാതി. 2018ല്‍ ഇരുവരും ചേര്‍ന്ന് സിനിമാ നിര്‍മ്മാണ കമ്പനി രൂപികരിച്ചിരുന്നു. വിഴുപുരം ജില്ലയില്‍ ഓറോവില്ലിന് സമീപമുള്ള പെരിയമുതലിയാര്‍ ചാവടിയിലായിരുന്നു ഭവ്‌നിന്ദര്‍ താമസിച്ചിരുന്നത്. ഇതിനിടെ ഇരുവരും ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ചു. എന്നാല്‍ കമ്പിനിയിലെ പണം ഭവ്‌നിന്ദര്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.