സ്വകാര്യ ആശുപത്രി മാനേജ്‍മെന്റിന്റെ കൊടും ക്രൂരത ; യുവതിക്ക് ആശുപത്രി മാനേജ്‌മെന്റില്‍ നിന്ന് നേരിടേണ്ടി വന്നത് കൊടിയ മാനസിക പീഡനങ്ങള്‍

കഴിഞ്ഞ 22 വര്‍ഷമായി കായംകുളം കല്ലുമൂട് മെഡിക്കല്‍ ട്രസ്‌റ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ബിനീത ബിനുവിനു ആശുപത്രി മാനേജ്‌മെന്റില്‍ നിന്ന് നേരിടേണ്ടി വന്നത് കൊടിയ മാനസിക പീഡനങ്ങള്‍ ആണ്. ബിനീതക്ക് സെറിബ്രല്‍ പാള്‍സി ബാധിതനായ 12 വയസുള്ള ഒരു മകനുണ്ട്. ഒരേ കിടപ്പില്‍ കിടക്കുകയും കിടക്കുന്ന കിടപ്പില്‍ മല മൂത്ര വിസര്‍ജനം ചെയ്യുകയും സ്വന്തമായി ആഹാരം കഴിക്കാനോ സംസാരിക്കാനോ സാധിക്കാത്ത കുട്ടിയാണ്. ജോലിക്ക് പോകുന്ന സമയം മുഴുവന്‍ ബിനീതയുടെ അമ്മയാണ് കുട്ടിയെ പരിചരിക്കുന്നത്.

നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ദിവസങ്ങളില്‍ കുട്ടിക്ക് മാതാവിന്റെ സാമീപ്യം ലഭിക്കാത്തതിനാല്‍ വളരെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഇക്കാരണം മൂലം കുട്ടിയുമായി നേരിട്ട് പല പ്രാവശ്യം മാനേജ്‌മെന്റിനെ സമീപിക്കുകയും നൈറ്റ് ഡ്യൂട്ടി ഒഴിവാക്കി തരുമോ എന്ന് ചോദിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു പോകാനാണ് പറഞ്ഞത്.

Loading...

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറും മാനേജിങ് ഡയറക്ടറുടെ മരുമകനുമായ ഡോ. ബിജി ആര്‍ ചന്ദ്രന്‍ ( ഇപ്പോള്‍ മാവേലിക്കര ജില്ലാ ഗവ: ആശുപത്രിയില്‍ ഇ. എന്‍. റ്റി. മെഡിക്കല്‍ ഓഫീസര്‍ ) ആണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ജോലി ഉപേക്ഷിക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നിലപാടില്‍ മനം നൊന്തു പല സര്‍ക്കാര്‍ അധികാരികളുടെയും മുന്നില്‍ കുഞ്ഞുമായി കയറി ഇറങ്ങേണ്ടി വന്നു.

അതിന്റെ പ്രതികാര നടപടിയെന്നോണം അധിക ഡ്യൂട്ടി ചെയ്യിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് മാത്രമാണ് അനുകൂല നടപടി ഉണ്ടായത്. നൈറ്റ് സമയം ഒഴിവാക്കി ജോലി ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കമ്മീഷന്‍ ഉത്തരവിടുകയുണ്ടായി.

ഈ ഉത്തരവിന് പുല്ലു വില പോലും കല്‍പ്പിക്കാതെ ബിനീതയെ സര്‍വീസില്‍ നിന്ന് പറഞ്ഞു വിടുകയാണുണ്ടായത്. നാളിതുവരെ ജോലി ചെയ്തതിനുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് മെഡിക്കല്‍ ട്രസ്‌റ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ താരാ ദേവി ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ രീതിയില്‍ പെരുമാറിയത്.