മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി…വില്ലൻ ലിച്ചിപ്പഴമെന്ന് സൂചന

പാറ്റ്ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി. ശനിയാഴ്ച ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു.

ഇതിനിടെ മസ്‌തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്കയും വര്‍ധിക്കുന്നു.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളാണ്‌ മരിച്ചത്‌. രോഗം വ്യാപകമാകാന്‍ കാരണമെന്താണെന്ന അന്വേഷണത്തിലായിരുന്നു ആരോഗ്യവിഗദ്ധര്‍. ഈ സാഹചര്യത്തിലാണ്‌ കുട്ടികള്‍ക്ക്‌ ലിച്ചിപ്പഴം കഴിക്കാന്‍ നല്‍കരുതെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്‌.

കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിക്കുന്നത്‌ തടയണമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പാകമാകാത്ത പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്‌. മുസാഫര്‍പൂരിലും സമീപപ്രദേശത്തും വളരുന്ന ലിച്ചിപ്പഴങ്ങളില്‍ മെഥിലീന്‍ സെക്ലോപ്രൊപ്പൈല്‍-ഗ്ലൈസീന്‍ എന്ന വിഷവസ്‌തു അടങ്ങിയിട്ടുണ്ടെന്നും ഇതാണ്‌ മസ്‌തിഷ്‌ക അണുബാധയ്‌ക്ക്‌ കാരണമാകുന്നതെന്നുമാണ്‌ ഇപ്പോള്‍ അഭിപ്രായങ്ങളുയരുന്നത്‌.

ലിച്ചിപ്പഴം കുട്ടികളില്‍ ഹൈപ്പോഗ്ലൈസെമിക്‌ എന്‍സെഫാലോപതി എന്ന അവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ ദഹനവ്യവസ്ഥയെയാണ്‌ ആദ്യം ബാധിക്കുക. ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കുറയുകയും മസ്‌തിഷ്‌കത്തെ ബാധിക്കുകയും ചെയ്യുമെന്നാണ്‌ ഒരു വിഭാഗം ആരോഗ്യവിഗദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.

അസുഖബാധയെ തുടര്‍ന്ന് 130 കുട്ടികള്‍ ചികിത്സയിലാണെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം നാളെ മുസഫര്‍പൂര്‍ ജില്ല സന്ദര്‍ശിക്കും.

സഹമന്ത്രി അശ്വിനി ചൗബെ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സോറന്‍ എന്നിവരും സംഘത്തിലുണ്ടാകും. മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രസംഘ എത്തുന്നത്.

മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മസ്തിഷ്‌ക ബാധയെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 61 കുട്ടികളാണ് അവിടെ മരിച്ചത്.

സ്വകാര്യ ആശുപത്രിയായ കെജ്രിവാള്‍ ആശുപത്രിയില്‍ 14 കുട്ടികളും മരിച്ചു. ശക്തമായ പനിയും തലവേദനയുമാണ് രോഗ ലക്ഷണങ്ങള്‍. രോഗ ഭീതിയെ തുടര്‍ന്ന് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 22 വരെ അവധി നല്‍കിയിട്ടുണ്ട്.

വേനല്‍ക്കാലമായതോടെ ബീഹാറില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധിതരില്‍ ഏറെയും 15 വയസിന് താഴെയുള്ള കുട്ടികളാണ്.