എന്‍ഡിഎ ബീഹാറില്‍ ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഭരണത്തെ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.ബീഹാറിനു പുതിയ ദശാബ്ദമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനുള്ള വിധിയെഴുത്താണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദിയറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിരുന്നു. ഇത് ബീഹാറിലെ ജനങ്ങളുടെ വിജയമാണെന്നാണ് അമിത് ഷാ പറഞ്ഞത്. എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത് 125 സീറ്റുകള്‍ നേടിയാണ്. ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 74 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്. മഹാസഖ്യം 110 സീറ്റുകള്‍ നേടി. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ്.

70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി. ബീഹാറില്‍ നിര്‍ണായകമാകുമെന്ന് കരുതിയ ചിരാഗ് പസ്വാന്റെ എല്‍ജെപി നേടിയത് ഒരു സീറ്റ് മാത്രമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന് പാര്‍ട്ടി അഞ്ചു സീറ്റുകള്‍ നേടി.