എഡിഎം മോൻസി പി. അലക്സാണ്ടറെ ഇ.എസ്. ബിജിമോൾ എംഎൽഎ കയ്യേറ്റം ചെയ്യുന്നു

കൊച്ചി: ഇടുക്കി എഡിഎമ്മിനെ മർദ്ദിച്ച കേസിൽ ഇഎസ് ബിജിമോൾ എംഎൽഎക്ക് എതിരെ ഹൈക്കോടതി. ബിജിമോളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ബിജി മോളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റ് ചെയ്യാതെയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യാതെ വിട്ടത് ഉചിതമായില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം സാധാരണക്കാരനും പൊതുപ്രവർത്തകനും ഒന്നാണെന്നും കോടതി പറഞ്ഞു. പൊലീസിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച കോടതി കേസ് പിന്നത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റി വെച്ചു.

Loading...

നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി സ്ഥാപിച്ച ഗേറ്റ് കോടതി സ്‌റ്റേയുടെ അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ പെരുവന്താനം ട്രാവൻകൂർ റബ്ബർ ആന്റ് ടീ എസ്‌റ്റേറ്റ് അധികൃതർ ശ്രമം ഇ.എസ് ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞതാണ് സംഭവത്തിന് തുടക്കമിട്ടത്.

തെക്കേമലയിലെ ഗേറ്റ് പൊളിച്ച് മാറ്റിയ ആർഡിഒ നടപടിക്ക് ഹൈക്കോടി നൽകിയ സ്‌റ്റേയുമായി എത്തിയാണ് എസ്‌റ്റേറ്റ് അധികൃതർ ഗേറ്റ് പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്. ഇതിനിനെതിരെ എംഎൽഎ ബിജിമോളുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി. ബിജി മോൾ എംഎൽഎയും എഡിഎമ്മും തമ്മിൽ ഉന്തുതള്ളും ഉണ്ടായി. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലിന് ബിജിമോൾ എംഎൽഎയ്‌ക്കെതിരെ പെരുവന്താനം പൊലീസ് കേസ് എടുത്തിരുന്നു.

അതേസമയം താൻ എഡിഎമ്മിനെ തള്ളിയിട്ടില്ലെന്നായിരുന്നു ഇ എസ് ബിജിമോൾ എംഎൽഎയുടെ പ്രതികരണം. പ്രകോപിതരായ ആൾക്കൂട്ടത്തിൽ നിന്നും എഡിഎമ്മിനെ തള്ളിമാറ്റി രക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന്റെ പ്രതികരണം പ്രകോപനപരമായിരുന്നെന്നും ബിജിമോൾ പറഞ്ഞിരുന്നു.