ശമ്പളവും പെൻഷനും മുടങ്ങി, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം : കോടതിയുടെ ഉത്തരവും പാലിക്കപ്പെടുന്നില്ല. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്നത് തുടരുന്നു. ഇതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ 20ന് മുമ്പ് സിഎംഡിയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡു മാത്രമാണ് ഈ മാസം 15 ന് വിതരണം ചെയ്തത്. രണ്ട് മാസത്തെ പെൻഷനും മുടങ്ങിക്കിടക്കുകയാണ്. മ്പള വിതരണത്തിന് മുൻകുടിശിക ഉൾപ്പെടെ ധനവകുപ്പ് നൽകാനുളള 80 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുളളത്. ഇതിൽ 40 കോടി രൂപ ലഭിച്ചാൽ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. എന്നാൽ ധനവകുപ്പ് ഇതുവരെ തുക അനുവദിച്ചില്ല.

Loading...

സഹകരണവകുപ്പും ധനവകുപ്പും തമ്മിലുളള തർക്കമാണ് പെൻഷൻ വിതരണം സുഗമമാക്കാൻ കഴിയാത്തതിനുളള കാരണം. സഹകരണബാങ്കുകളാണ് പെൻഷൻ വിതരണം നടത്തുന്നത്. പലിശ സഹിതം ഇത് ധനവകുപ്പ് ബാങ്കുകൾക്ക് കൈമാറും. പലിശനിരക്ക് കൂട്ടണമെന്ന് സഹകരണവകുപ്പ് ആവശ്യപ്പെട്ടതോടെയാണ് പെൻഷൻ വിതരണം നിലച്ചത്.

ഇക്കാര്യത്തിൽ ധനവകുപ്പും സഹകരണവകുപ്പും തമ്മിൽ ചർച്ച നടത്തി തീരുമാനമെടുക്കാത്തതിനെ തുടർന്ന് പെൻഷൻ വിതരണം കെഎസ്ആർടിസി വഴിയാക്കാൻ തീരുമാനമിച്ചു. എന്നാൽ സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇതും മുടങ്ങിയ അവസ്ഥയാണിപ്പോൾ ഉള്ളത്. തൽക്കാലം തടിയൂരാനായി സർക്കാർ ഇന്നലെ പെൻഷൻ വിതരണത്തിനായി 70 കോടി രൂപ അനുവദിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഇത് വിതരണം ചെയ്യുമെന്ന് സിഎംഡി കോടതിയെ അറിയിക്കും.