ബിജു രമേശിന്റെ ആരോപണം വെറും പുകമറ സൃഷ്ടിക്കല്‍: മന്ത്രി കെ.ബാബു

തിരുവനന്തപുരം: വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങളുമായി ബാര്‍ ഉടമ ബിജു രമേശ് പുകമറ സൃഷ്ടിച്ചു തടിതപ്പുകയാണെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. മറിച്ചെങ്കില്‍ എവിടെവച്ചാണ് പണം നല്‍കിയതെന്നും, ആരൊക്കെയാണ് പണം നല്‍കിയെന്നും, പണം ചോദിച്ചത് ആരാണെന്നുമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ബിജു രമേശിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് മന്ത്രി ബാബു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുക മാത്രമാണ് ബിജു രമേശ് ചെയ്യുന്നത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശ് പ്രതിപക്ഷത്തെ ചിലരുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും പലരെയും വ്യക്തിഹത്യ നടത്താനും ശ്രമിക്കുകയാണ്. കൂടാതെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ ശ്രമിക്കുന്നു. അന്തസായി വ്യവസായം നടത്തുന്ന ആരും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ബിജു രമേശിനെ മാതൃകയായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. തെറ്റായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നാല്‍ ഉത്തരവാദിത്വത്തോടെ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Loading...

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചിരുന്നു. ബാറുകളുടെ പ്രവര്‍ത്തന സമയം മൂന്ന് മണിക്കൂര്‍ വെട്ടിക്കുറച്ചു. ബാര്‍ ഉടമകളെ ഒരുതരത്തിലും സഹായിക്കാന്‍ ശ്രമിച്ചിട്ടില്ല. കോടതിവിധികള്‍ വന്നിട്ടുപോലും കൂടുതല്‍ ബാറുകള്‍ തുറക്കുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ബിജു രമേശ് മന്ത്രി കെ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത്. മന്ത്രി മാണിക്ക് പുറമെ മന്ത്രി ബാബു അടക്കം മൂന്ന് മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.