ബൈക്ക്‌ യാത്രികനു മര്‍ദനം: നാലു പോലീസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസ്‌

ആലുവ: എടത്തല കുഞ്ചാട്ടുകരയില്‍ ബൈക്ക്‌ യാത്രികനെ മര്‍ദിച്ച സംഭവത്തില്‍ എ.എസ്‌.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിനു കേസെടുത്തു. എടത്തല സ്‌റ്റേഷനിലെ റൈറ്ററും എ.എസ്‌.ഐയുമായ പുഷ്‌പരാജ്‌, സീനിയര്‍ സി.പി.ഒ. ജലീല്‍, സി.പി.ഒ: അഫ്‌സല്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയുമാണു കേസ്‌. അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്‌തു മുറിവേല്‍പ്പിച്ചതിനും സെക്‌ഷന്‍ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തതെന്നു ഡിവൈ.എസ്‌.പി: കെ.ബി. പ്രഫുല്ലചന്ദ്രന്‍ പറഞ്ഞു.

പോലീസ്‌ മര്‍ദനത്തില്‍ പരുക്കേറ്റ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്‌മാന്‍ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. ഇയാളുടെ താടിയെല്ലിനു പൊട്ടലുണ്ട്‌. സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.ഒ. അഫ്‌സല്‍(30), ആലുവ ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനിലെ വനിത എസ്‌.ഐ: ജെര്‍ട്ടീന ഫ്രാന്‍സിസ്‌ (52) എന്നിവരും ചികിത്സ തേടി. പോക്‌സോ കേസ്‌ പ്രതിയുമായി പോലീസുകാര്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ ഉസ്‌മാന്റെ ബൈക്ക്‌ മറിഞ്ഞതിലെ തര്‍ക്കമാണു മര്‍ദനത്തില്‍ കലാശിച്ചത്‌.

Loading...

വിദേശത്തായിരുന്നു ഉസ്‌മാന്‍ . രണ്ടുമാസം മുമ്പാണു നാട്ടിലെത്തിയത്‌. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്‌ ഉസ്‌മാനെതിരേയും കേസെടുത്തിട്ടുണ്ട്‌. 2011 ല്‍ എസ്‌.ഐയായിരുന്ന നിഷാദ്‌ ഇബ്രാഹിമിനെ ആക്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണെന്നു സി.ഐ: വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു. കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്‌. അന്നു മര്‍ദനത്തിനിരയായ എസ്‌.ഐ. നിലവില്‍ മജിസ്‌ട്രേറ്റാണ്‌.

അതിനിടെ, കേസില്‍ ആരോപണ വിധേയരായ മൂന്നു പോലീസുകാരെ കളമശേരി എ.ആര്‍. ക്യാമ്പിലേക്ക്‌ സ്‌ഥലം മാറ്റി. പ്രിന്‍സിപ്പല്‍ എസ്‌.ഐ: ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. ഗ്രേഡ്‌ എ.എസ്‌.ഐ: പുഷ്‌പരാജ്‌, സീനിയര്‍ സി.പി.ഒ: ജലീല്‍, സി.പി.ഒ: അഫ്‌സല്‍ എന്നിവരെയാണ്‌ എ.ആര്‍ ക്യാമ്പിലെ തീവ്രപരിശീലന വിഭാഗത്തിലേക്കു മാറ്റിയത്‌. എസ്‌.ഐ: ജി. അരുണ്‍, ഗ്രേഡ്‌ എ.എസ്‌.ഐ: ഇന്ദുചൂഢന്‍ എന്നിവര്‍ക്കെതിരെയാണു വകുപ്പുതല അന്വേഷണം.

മോഷണക്കേസിലെ പ്രതി സ്‌റ്റേഷനില്‍നിന്നു ചാടിപ്പോയ സംഭവവുമായി ബന്ധപ്പെട്ട്‌ ഇന്ദുചൂഢനെ നാലു ദിവസം മുമ്പ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. എന്നാല്‍, സംഭവസമയം സ്‌റ്റേഷനിലുണ്ടായിരുന്ന ഇന്ദുചൂഢന്‍, മര്‍ദനത്തിന്‌ ഒത്താശ ചെയ്‌തതായുള്ള പരാതിയെ തുടര്‍ന്നാണു വകുപ്പുതല അന്വേഷണം. കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോ. റൂറല്‍ ജില്ലാ ട്രഷററാണ്‌ ഇന്ദുചൂഢന്‍. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഗണ്‍മാനായിരുന്നു ജലീല്‍.