തലസ്ഥാനത്തെ നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനം : പൊലിഞ്ഞത് മറ്റു രണ്ട് യാത്രികരുടെ ജീവനുകള്‍

തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും നടത്തിയ യുവാക്കളുടെ സംഘത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്കായിരുന്നു. നടുറോഡില്‍ ബൈക്ക് കൊണ്ട് ‘എസ്’ എന്നെല്ലാം എഴുതിയായിരുന്നു അഭ്യാസ പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയപാതയില്‍ കളിയിക്കാവിള പിപിഎം ജംഗ്ഷനിലാണ് അപകടം നടന്നത്.

ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ചെങ്കല്‍ വ്ളാത്താങ്കര കന്യകാവ് കൈലാസ് ഭവനില്‍ ടി ബിജുകുമാര്‍(41), വ്ളാത്താങ്കര ഇരിക്കലവിള വീട്ടില്‍ സുധീര്‍(34) എന്നിവരാണ് യുവാക്കളുടെ അഭ്യാസ പ്രകടനത്തില്‍ മരണപ്പെട്ടത്. നാല് യുവാക്കളടങ്ങിയ സംഘം രണ്ട് ബൈക്കുകളിലായി നടത്തിയ അഭ്യാസമാണ് അപകടത്തില്‍ കലാശിച്ചത്. യുവാക്കള്‍ അമിതവേഗതയില്‍ എസ് അകൃതിയില്‍ വാഹനമോടിച്ച് പരസ്പരം ഓവര്‍ടേക്ക് ചെയ്ത് മത്സരിച്ചതാണ് മറ്റ് രണ്ട് യാത്രികര്‍ കൂടി അപകടത്തില്‍പ്പെട്ടത്.

Loading...

തോവാള സ്വദേശികളായ ദിനേഷ് രാജ്, പ്രഭു എന്നിവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളെ ഇടിച്ച് വീഴ്ത്തിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് പോവുകയായിരുന്ന സുധീര്‍ ഓടിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുധീര്‍ ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം മറിഞ്ഞു.

സുധീറും ബിജുവും ഓടയിലേക്ക് തലയടിച്ച് വീണു. സുധീര്‍ സംഭവസ്ഥലത്തും ബിജുകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. ഇടിച്ചശേഷം അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയതായാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണങ്ങള്‍ നടന്നു വരികയാണ്.