ലോകം കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പെടാപ്പാടിലാണ്. എന്ന് ഈ ദുരന്തം തീരും എന്ന് ഒരു പിടിയുമില്ല. എന്നാല്‍ കൊവിഡിനെക്കൊണ്ട് ദുരന്തം തീരുന്നില്ല.കൊവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം കൂടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശങ്കളും അദ്ദേഹം പങ്കുവച്ചു. . അധികൃതർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
കോവിഡ് നിങ്ങൾക്ക് പതിനായിരക്കണക്കിന് ഡോളർ ചെലവഴിച്ച് അവസാനിപ്പിക്കാൻ കഴിയും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകർച്ചവ്യാധി സമയത്ത് കണ്ടതിനേക്കാൾ വലുതായിരിക്കും.” ബിൽ ഗേറ്റ്സ് പറഞ്ഞു.2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കോവിഡിനെ പോലെ മാരകമാകും. 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് പറഞ്ഞു.2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ പുസ്തകത്തിൽ ഗേറ്റ്സ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
കോവിഡ് പോലെ ഒരു മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെടുമെന്ന് ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2015ൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിന്റെ കൈയ്യില്‍ ഇതിന് ഉത്തരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.കോവിഡിന് വാക്സിൻ കണ്ടെത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കാൻ പോകുന്ന വിനാശത്തിന് പ്രതിരോധം തീർക്കാൻ നടപടി സ്വീകരിക്കാൻ സമയമായെന്നും ഗേറ്റ്സ് ഓർമിപ്പിച്ചു.