മകളെ കാണാന്‍ അഫ്ഗാനില്‍ പോകാനും തയ്യാറാണ്, നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ ഫാത്തിമയെ കാണാന്‍ അഫ്ഗാനില്‍ പോകാന്‍ വരെ താന്‍ തയ്യാറെന്ന് നിമിഷ ഫാത്തിമയുടെ അമ്മ. ജയിലിലുള്ള മകളെ തിരികെ കൊണ്ടുവരാനുള്ള സഹായം വേണമെന്ന തന്റെ ആവശ്യം കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും അവഗണിക്കുകയാണെന്ന് ബിന്ദു ആരോപിച്ച് കഴിഞ്ഞ ദിവസം ബിന്ദു രംഗത്ത് എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷഭാഷയിലാണ് നിമിഷ ഫാത്തിമയുടെ അമ്മ പ്രതികരിച്ചത്. ‘ഐ.എസില്‍ ചേര്‍ന്ന ബെക്‌സിന്‍ വിന്‍സെന്റിന്റെ ഭാര്യയാണ് നിമിഷ ഫാത്തിമ. ഭര്‍ത്താവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതോടെയാണ് നിമിഷ അഫ്ഗാന്‍ സര്‍ക്കാരിന് കീഴടങ്ങിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മകന്‍ ആര്‍മിയില്‍ മേജര്‍ ആയിട്ടും സര്‍ക്കാര്‍ അവഗണന കാണിക്കുകയാണ്. മകളെ നാട്ടിലെത്തിച്ച് നിയമനടപടി സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നില്ല. മകളെയും പേരക്കുട്ടിയെയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’- ബിന്ദു പറയുന്നു.മകളെ കാണാന്‍ വേണമെങ്കില്‍ അഫ്ഗാനിസ്ഥാനിലും പോകാന്‍ തയ്യാറാണെന്നും മകളെ കാണണമെന്ന ആവശ്യവുമായി അഫ്ഗാന്‍ സര്‍ക്കാരിനും മെയില്‍ അയച്ചെന്നും ഇവര്‍ വ്യക്തമാക്കുന്നു. താനൊരു ഹിന്ദു ആയിട്ടും ബി.ജെ.പി. സര്‍ക്കാര്‍ അവഗണന കാണിക്കുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു. 2016 ജൂണിലാണ് നിമിഷ ഫാത്തിമയെ കാണാതാവുന്നത്. പിന്നീട് അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

Loading...