പോലീസ് സുരക്ഷ തന്നില്ലെങ്കിലും ശബരിമലയില്‍ പോകുക തന്നെ ചെയ്യുമെന്ന് ബിന്ദു

കണ്ണൂര്‍: ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊയിലാണ്ടി സ്വദേശിനി ബിന്ദു. പോലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്നും സുരക്ഷ നല്‍കാമെന്ന നേരത്തെയുള്ള ഉറപ്പില്‍ നിന്ന് പോലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു. സുരക്ഷ ഒരുക്കുമെന്ന സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിനെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു നേരത്തെ ആരോപിച്ചിരുന്നു.

Loading...

പൊലീസിനെ അറിയിക്കാതെ പമ്പയിലെത്തിയ ബിന്ദുവും കനക ദുര്‍ണ്മയും പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയതോടെ ഇവര്‍ക്ക് നേരെ പ്രതിഷേധമുണ്ടാവുകയായിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് അന്ന് ഇവര്‍ മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചത്.