വിധി അനുകൂലമായാല്‍ ഇനി ശബരിമല കയറുമോ? തീരുമാനം വ്യക്തമാക്കി ബിന്ദു അമ്മിണി

പോയ വര്‍ഷം ശബരിമല യുവതി പ്രവേശനം നടപ്പാക്കിയത് ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും ചേര്‍ന്നാണ്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമലയില്‍ പ്രവേശിച്ചത്. ആദ്യ ശ്രമം ഭക്തര്‍ വിഫലമാക്കിയതോടെ ആരും അറിയാതെ രണ്ടാം ശ്രമത്തിലാണ് ഇവര്‍ ശബരിമല കയറിയത്.

നാളെ സുപ്രീം കോടതി വിധി വരാനിരിക്കെ ഇക്കുറി മല ചവിട്ടാന്‍ ബിന്ദു അമ്മിമിയും കനക ദുര്‍ഗ്ഗയും എത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇക്കുറി മല കയറാന്‍ ഇല്ലെന്ന് ബിന്ദു വ്യക്തമാക്കി. വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ല. 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെ എന്നാണ് തങ്ങളുടെ നിലപാട്. ശബരിമല കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു പറഞ്ഞു.

Loading...

ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയെന്ന പേരില്‍ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകള്‍ക്ക് പ്രവേശിക്കാനായിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.

അതേസമയം, ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണു കനകദുര്‍ഗയുടെ നിലപാട്. ഇരുവരും ഇപ്പോഴും പോലീസ് സംരക്ഷണയിലാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘം ഇത്തവണ ശബരിമലയില്‍ എത്തുമെന്നും അനുമതി വേണമെന്നും കാട്ടി കേരള പോലീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നു.

അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നാളെയുണ്ടാകും. ഈ സാഹ ചര്യത്തില്‍ പ്രിതകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് അദ്ദഹം പറഞ്ഞു.

തിരുവനന്ത പുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പത്മകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിധി എന്ത് തന്നെയായാലും ഭക്തജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാണം. ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ താല്‍പര്യം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ കാലയളവില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം പറയും.

വിധി എന്തുതന്നെ ആയാലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന ആവശ്യവുമായി സിപിഎം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനഃപരിശോധന ഹര്‍ജികളിലാണ് നാളെ കോടതി വിധി പറയുന്നത്.