ശബരിമലയില്‍ വീണ്ടും കയറുമെന്ന് ബിന്ദു അമ്മിണി

കൊച്ചി: ശബരിമലയില്‍ വീണ്ടും സന്ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനായി പോലീസ് സുരക്ഷ തേടി അല്‍പസമയത്തിനകം കമ്മീഷണര്‍ ഓഫീസില്‍ പോകുമെന്നും ബിന്ദു പറഞ്ഞു. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പൊലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.

ഇന്നലെ തന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്തയാള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും അവര്‍ പരാതിപ്പെട്ടു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ല. പൊലീസിന്റെ ഗൂഡാലോചന സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. കേസില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Loading...

അതേസമയം ശബരിമല കയറാനെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണി മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി എന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണം ഏറെ ചര്‍ച്ചയായിരുന്നു. ഇത് തെളിയിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിച്ച് മന്തി ബാലനും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളിയും വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി മന്ത്രി എ. കെ ബാലന്റെ ഓഫീസ് രംഗത്തെത്തി. കൊച്ചിയിലേക്ക് പോകുന്നതിന് മുമ്പ് മന്ത്രിയുടെ ഓഫീസില്‍ ബിന്ദു അമ്മിണി എത്തിയിരുന്നെന്ന് ഓഫീസ് അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മന്ത്രി ഓഫീസില്‍ ഇല്ലായിരുന്നുവെന്നും ഓഫീസ് വ്യക്തമാക്കി. തിങ്കളാഴ്ച 3.30നാണ് ഇവര്‍ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തിയത്. നിവേദനം നല്‍കാനാണ് ഇവര്‍ എത്തിയതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ലീഗല്‍ അസിസ്റ്റന്റ് റാങ്ക് പട്ടികയിലുള്ള ഇവര്‍ പട്ടിക വിഭാഗങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം നല്‍കിയിരുന്നു. ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകനെതിരെ മറ്റൊരു നിവേദനവും ഇവര്‍ നല്‍കി.

ഇവര്‍ ബിന്ദു അമ്മിണിയാണെന്ന് വ്യക്തമായതോടെ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചു. ചെങ്ങന്നൂരില്‍ ട്രെയിനിറങ്ങി ശബരിമലയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സ്പ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേ പൊലീസിനോടും നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ഇവര്‍ കൊച്ചിയിലെത്തി തൃപ്തിയുടെ സംഘത്തില്‍ ചേരുകയായിരുന്നു.

അതേസമയം ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ പോയി. ഇന്നലെ രാത്രിയോടെ ഇവർ തിരികെ പോയി. പോലീസ് സുരക്ഷയിൽ ആയിരുന്നു തൃപ്തിയെയും സംഘത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ശബരിമല സന്ദർശനത്തിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതിന് ശേഷമാണ് തിരികെ പോകാൻ തൃപ്തിയും സംഘവും സമ്മതിച്ചത്. പോലീസ് സുരക്ഷ നൽകില്ലെന്ന് പറഞ്ഞതിനലാണ് തങ്ങൾ മടങ്ങുന്നത് എന്നും ഇനിയും ശബരിമല ദര്‍ശനത്തിന് തിരികെ വരുമെന്നും തൃപ്തി പറഞ്ഞു.

ശബരിമലയിൽ വരുന്ന കര്യങ്ങൾ അധികാരികളെ മുൻകൂട്ടി അറിയിച്ചിരുന്നു. എട്ട്‌ മണിക്കൂറുകൾ കാത്തു നിന്നു. ഇനിട്ടും സുരക്ഷ ഒരുക്കി നൽകിയില്ല. പിന്തിരിപ്പിക്കാൻ ആണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഭരണഘടനാ ദിനം ആയതു കൊണ്ടാണ് ഇന്ന് വരാൻ ആയി തീരുമാനിച്ചത് എന്നും തൃപ്തി ദേശായി കൂട്ടിച്ചേർത്തു.