കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ യാതൊരുവിധ ഗൂഢാലോചനയുമില്ലെന്ന് ബിന്ദു അമ്മിണി. തൃപ്തി ദേശായി ആവശ്യപ്പെട്ടതിനാലാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
‘ശബരിമല ദര്‍ശനത്തിനായി പോകുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. അത്തരത്തില്‍ തൃപ്തി ദേശായി എന്നോട് സഹായം അഭ്യാര്‍ത്ഥിച്ചു. അതിനാല്‍ ഞാന്‍ അവരുടെ കൂടെ വന്നു’-ബിന്ദു അമ്മിണി പറഞ്ഞു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുന്നതിനിടെയാണ് ബിന്ദുവിന്റെ പ്രതികരണം.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായിയും സംഘവും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്. ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയിരുന്നു. ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ചെയ്‌തിരുന്നു.
ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി.
എന്നാല്‍ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. തടഞ്ഞവോരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടര്‍ന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും നാലംഗ സംഘവും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.